പി.എസ്.സി എഴുതി ജോലി കിട്ടിയ സന്തോഷം പങ്കുവെച്ച് മുസ്ലീം ലീഗ് വനിതാ നേതാവ്; പോസ്റ്റ് പിന്‍വലിപ്പിച്ച് യു.ഡി.എഫ് നേതൃത്വം

കണ്ണൂര്‍: സര്‍ക്കാരിന് എതിരെ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരം യുഡിഎഫ് ഏറ്റെടുത്തതിനിടെ സര്‍ക്കാര്‍ ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് വനിതാ മുസ്ലിം ലീഗ് നേതാവ്. എന്നാല്‍ യു.ഡി.എഫ് നേതൃത്വം ഇടപെട്ട് വനിതാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിപ്പിച്ചു.

പിഎസ്സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് പ്രതിഷേധം നടത്തുന്നതിനിടെയാണ് വനിതാ ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും മട്ടന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായ എംകെ നജ്മയുടെ പോസ്റ്റ് വൈറലായത്. ഇതോടെ യുഡിഎഫ് ഉന്നതനേതാക്കള്‍ ഇടപെട്ട് നജ്മയെ കൊണ്ട് പോസ്റ്റ് പിന്‍വലിപ്പിക്കുകയായിരുന്നെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

പിന്‍വലിച്ച നജ്മയുടെ പോസ്റ്റ് ഇങ്ങനെ: ‘ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പിഎസ്.സി നേടുക എന്നത്. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എന്റെ റാങ്കും എത്തി. എനിക്കും കിട്ടി അഡൈ്വസ് മെമ്മോ. റാങ്ക് ലിസ്റ്റിലെ ബാക്കിയുള്ളവര്‍ക്കും കിട്ടണമെന്ന പ്രാര്‍ഥനയോടെ എയ്ഡഡ് സ്‌കൂളില്‍ നിന്ന് ഗവ.സ്‌കൂളിലേക്ക്’. ഈ പോസ്റ്റാണ് വൈറലായതോടെ സര്‍ക്കാരിനെതിരെ സമരം നടത്തുന്ന മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയായിരിക്കുകയാണ്.

റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് ജോലി ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നിടത്ത് അത് ചെയ്യണം. 2600ഓളം പേരെ കൂടി സ്ഥിരപ്പെടുത്തുന്നെന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത് സംസ്ഥാനത്തെ തൊഴില്‍ രഹിതരായ ചെറുപ്പക്കാരോടുള്ള ഏറ്റവും വലിയ വഞ്ചനയാണ്. അതില്‍ നിന്നും സര്‍ക്കാര്‍ ഉടന്‍ പിന്മാറണം. ഉദ്യോഗാര്‍ഥികളോട് ഏറ്റവും വലിയ ക്രൂരത കാണിച്ച ഒരു ഗവണ്‍മെന്റ് ആണിതെന്നൊക്കെയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ഇതിനിടെയാണ് യുഡിഎഫില്‍ നിന്നു തന്നെ പിഎസ്സി ജോലി ലഭിച്ച ഒരംഗം സര്‍ക്കാരിന് പ്രശംസയുമായി രംഗത്തെത്തിയത് വന്‍ തിരിച്ചടിയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News