KeralaNews

ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 3.30ന് പുറപ്പെട്ട ഖത്തർ വഴിയുള്ള വിമാനത്തിലാണ് യാത്ര.

യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലകളിൽ ഒന്നായ ബർലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ചികിത്സ. ബുധനാഴ്ച ഡോക്ടർമാർ പരിശോധിച്ച ശേഷം തുടർചികിത്സ തീരുമാനിക്കും. മക്കളായ മറിയയും ചാണ്ടി ഉമ്മനും ബെന്നി ബഹനാൻ എംപിയും ഉമ്മൻ ചാണ്ടിയെ അനുഗമിക്കുന്നുണ്ട്.

ജർമനിയിലെ യൂണിവേഴ്സിറ്റി ആശുപത്രികൾക്കു മാതൃകയായ സ്ഥാപനം എന്ന പെരുമ കൂടിയുള്ള ചാരിറ്റി ക്ലിനിക്കിന് 312 വർഷത്തെ പ്രവർത്തന പാരമ്പര്യവുമുണ്ട്. 3,011 കിടക്കകളുള്ള ക്ലിനിക്കിൽ 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. ബെർലിനിൽ ഏറ്റവും കൂടുതൽ പേർക്കു തൊഴിൽ നൽകുന്ന സ്ഥാപനങ്ങളിലൊന്നായ ഇവിടെ മലയാളികൾ ഉൾപ്പെടെ 13,200 ജീവനക്കാരുണ്ട്.

സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും തള്ളിക്കളഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടിക്ക് വേണ്ടവിധത്തിലുള്ള ചികിത്സ നല്‍കുന്നില്ലെന്നടക്കമുള്ള ആരോപണങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. ഇത് ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കി. ആളുകള്‍ക്ക് അദ്ദേഹത്തോട് സ്‌നഹം കാണും. എന്നാല്‍ പല കാര്യങ്ങളും മനസ്സിലാക്കാതെയാണ് പ്രചാരണങ്ങള്‍ നടത്തുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും മകന്‍ ചാണ്ടി ഉമ്മന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

‘ഇത്തരം പ്രചാരണങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് വിഷമമുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് ഈ ആസുഖം നേരത്തെയും വന്നിട്ടുണ്ട്. 2015-ലും 2019-ലും അസുഖം വന്നിട്ടുണ്ട്. അന്ന് ഒമ്പത് മാസം കഴിഞ്ഞിട്ടാണ് പോയത്. 2015-ല്‍ വന്നപ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019-ല്‍ വന്നപ്പോള്‍ യുഎസിലും ജര്‍മനിയിലും ചികിത്സയ്ക്കായി പോയി. ജര്‍മനിയില്‍ പോയപ്പോള്‍ എല്ലാ പരിശോധനകളും നടത്തിയ ശേഷം ഡോക്ടര്‍ ചോദിച്ചു, എന്ത് അസുഖത്തിനാണ് നിങ്ങള്‍ വന്നതെന്ന്… വിദേശത്ത് പോയാല്‍ മതിയെന്ന് ഇന്ന് അഭിപ്രായത്തില്‍ എത്താന്‍ കാരണം ആ ചോദ്യമാണ്. സീരിയസ് ചികിത്സ നല്‍കാനാണ് അന്ന് പോയത്. ആ ചികിത്സ എടുത്തിരുന്നെങ്കില്‍ അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും ഗുരുതരമായിരുന്നേനെ’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നവര്‍ക്ക് ഇത് രണ്ടുതവണ വന്ന രോഗമാണെന്നും ഇത് തനിയെ പോയതാണെന്നും അറിയില്ല. വിദേശത്തടക്കം പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സ കിട്ടുന്നത് സംബന്ധിച്ചാണ് തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ് മികച്ചതെന്ന് നോക്കി അവടെ ചികിത്സിക്കാം എന്നതാണ് ആഗ്രഹം. കേള്‍ക്കുന്ന ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വവും കുടുംബവും ചേര്‍ന്നാണ് വിദേശത്തേക്ക് ചികിത്സയ്ക്ക് പോകാമെന്ന് തീരുമാനിച്ചത്. ‘അദ്ദേഹം എന്റെ പിതാവാണ്’ അത് മാത്രമാണ് വിമര്‍ശിക്കുന്നവരോട് പറയാനുള്ളതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

ആലുവ പാലസില്‍ രമേശ് ചെന്നിത്തലയും ഡൊമനിക് പ്രസന്റേഷനും അടക്കമുള്ള നേതാക്കള്‍ ഞായറാഴ്ച ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button