ഇടുക്കി: സി അച്യുതമോനോന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ഇടുക്കി മഴുവടിയില്‍ ഒരു ഉമ്മന്‍ ചാണ്ടി കോളനിയുണ്ടാവുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ശ്രമഫലമായി ആദിവാസികള്‍ക്ക് അനുവദിച്ച് കിട്ടിയ ഭൂമിയില്‍ കോളനി രൂപീകരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി കോളനി എന്ന പേരിട്ടു. 1969ല്‍ ഇടുക്കി കഞ്ഞിക്കുഴിയിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പന്‍ ജോസാണ് സമരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
സമരപോരാട്ടങ്ങള്‍ നേരിട്ട തടസ്സങ്ങള്‍ നീക്കി സഹായിച്ചത് അന്ന് ഉമ്മന്‍ ചാണ്ടിയായിരുന്നു. ഏഴ് വര്‍ഷം നീണ്ട സമരങ്ങളുടെ ഫലമായി 1976 ല്‍ മഴുവടിയില്‍ 39 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദിവാസികളുടെ ഭൂമി പട്ടയം നല്‍കാന്‍ പാടില്ലെന്ന നിയമം മറികടന്ന് അവരുടെ ഭൂമി റവന്യൂ വകുപ്പിന് കൈമാറിയാണ് പട്ടയം അനുവദിച്ച് നല്‍കിയത്.
സ്വന്തം പേരില്‍ രൂപീകൃതമായ കോളനി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചത് മൂന്ന് തവണ മാത്രമാണ്. കോളനി രൂപം കൊണ്ട കാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെയാണ് ആദ്യ സന്ദര്‍ശനം. പിന്നീട് 2014ല്‍ മുഖ്യമന്ത്രിയായിരിക്കേ വീണ്ടും സന്ദര്‍ശിച്ചു. അന്ന് കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചു. ഉമ്മന്‍ ചാണ്ടി മൂന്നാം തവണ കോളനി സന്ദര്‍ശിച്ചത് 2017ലാണ്.