KeralaNews

ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷനെ രഹസ്യമായി സന്ദര്‍ശിച്ച് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും

കോട്ടയം: ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് ചര്‍ച്ച നടത്തി. ഇരുവരും ദേവലോകം അരമനയില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്നു രാവിലെ പതിനൊന്ന് മണിയോടെ തുടങ്ങിയ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായിട്ടായിരുന്ന ഇരുവരും എത്തിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍എയും ഒപ്പമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പില്‍ പിന്തുണതേടിയാണ് ഇരുവരും എത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. സൗഹൃദ സന്ദര്‍ശനം എന്ന നിലയിലാണ് പ്രതികരണം വന്നിട്ടുളളത്. സഭാ തര്‍ക്കവിഷയത്തില്‍ ഇടപെടലിനോ പരസ്യപ്രതികരണത്തിനോ കോണ്‍ഗ്രസ് ഇതുവരെ മുതിര്‍ന്നിരുന്നില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇതിന് വലിയ വിലകൊടുക്കേണ്ടിവന്നു. ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പളളിയില്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന് കാലിടറിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാവാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ചും ഉമ്മന്‍ ചാണ്ടി പ്രചാരണവിഭാഗം തലവനായതിനുശേഷം.

സഭാ തര്‍ക്ക വിഷയത്തില്‍ ഇടപെട്ട് ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കാന്‍ ബി ജെ പി നേരത്തേ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിളളയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ ഇത് ലക്ഷ്യംവച്ചുളളതാണെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യമെല്ലാം മനസിലാക്കിയാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇന്ന് സഭാ ആസ്ഥാനത്ത് തിരക്കിട്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button