തിരുവനന്തപുരം: കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ഭിന്നിപ്പുണ്ടാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പത്ത് വോട്ട് കിട്ടാന്‍ രണ്ട് വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സിപിഐഎം ശ്രമിക്കുന്നത്. പിണറായി വിജയന്‍ പറയുന്നത് പോലെ തനി വര്‍ഗീയത മുന്‍പാരും പറഞ്ഞിട്ടില്ലെന്നും സിപിഐഎം വലിയ വില നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം അടഞ്ഞ അധ്യായമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലീം ലീഗ് എല്ലാകാലത്തും സമുദായ സൗഹാര്‍ദത്തിന് വേണ്ടി നിലകൊണ്ട പാര്‍ട്ടിയെന്നും വര്‍ഗീയത പച്ചയ്ക്ക് പറയുന്ന പിണറായി വിജയനും സിപിഐഎമ്മും വലിയ നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചൊരു തര്‍ക്കം കോണ്‍ഗ്രസില്‍ ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയാരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. താനും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നയിക്കും.
ചെറുപ്പക്കാര്‍ക്ക് മുന്‍കാലത്തേക്കാള്‍ പരിഗണന നല്‍കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായതിനേക്കാള്‍ വലിയ ട്രെന്‍ഡ് നിയമസഭയില്‍ ഉണ്ടാകും. രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചുവരുന്നതിന്റെ തുടക്കം കേരളത്തില്‍ നിന്നുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.