പൂനെ: വീണ്ടും ഭീമന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. പൂനെയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സീനിയര്‍ എക്സിക്യുട്ടിവ് ആയ അറുപത്കാരിക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടത് 3.98 കോടി രൂപ. 27 അക്കൗണ്ടുകളിലേക്കായി 207 ഇടപാടുകളാണ് ഇവരുടെ അക്കൗണ്ടില്‍ നിന്നു നടന്നിരിക്കുന്നത്.
2020 ഏപ്രില്‍ ബ്രിട്ടണില്‍ നിന്ന് സമൂഹ മാധ്യമങ്ങള്‍ വഴി ഇവര്‍ക്ക് ഒരു സൗഹൃദ അഭ്യര്‍ത്ഥന ലഭിച്ചിരുന്നു. സുഹൃത്തായി ചേര്‍ത്തതിനു ശേഷം അഞ്ചു മാസത്തിനുള്ളില്‍ ഇവര്‍ പൂനെ സ്വദേശിനിയുടെ പ്രീതി പിടിച്ചുപറ്റി. സെപ്തംബറില്‍ ജന്മദിന സമ്മാനമായി ഒരു ഐഫോണ്‍ അയച്ചുനല്‍കുമെന്നും ഈ സുഹൃത്ത് അറിയിച്ചുവെന്ന് സൈബര്‍ സെല്‍ ഓഫീസര്‍ അനുഷ്‌ക ചിന്തമാന്‍ പറഞ്ഞു.
ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ സമ്മാനത്തിന് കസ്റ്റംസ് ക്ലിയറന്‍സിന് എന്ന പേരില്‍ പണം ആവശ്യപ്പെട്ട സുഹൃത്ത് ഇവരില്‍ നിന്ന് വന്‍തുക വാങ്ങി. വൈകാതെ കുറിയര്‍ ഏജന്‍സി പ്രതിനിധികള്‍, കസ്റ്റംസ് അധികൃതര്‍ എന്ന വ്യാജേന വിളികള്‍ എത്തി. സമ്മാനത്തിനൊപ്പം വന്ന കണ്ടെയ്മെന്റില്‍ ആഭരണങ്ങളും വിദേശ കറന്‍സികളുമുണ്ടെന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഇതിനുള്ള ഡ്യുട്ടിയായി കൂടുതല്‍ പണം ഓണ്‍ലൈനായി അടക്കാന്‍ ആവശ്യപ്പെട്ടു.
ഈ പണം ഓണ്‍ലൈനായി അടച്ചതിനു പിന്നാലെ ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് 3,98,75,500 രൂപ പല അക്കൗണ്ടുകളിലേക്കായി പിന്‍വലിക്കപ്പെട്ടു. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇവര്‍ സൈബര്‍ സെല്ലിനെ ബന്ധപ്പെട്ടത്.