തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് കേരളത്തിൽ നിന്ന് ലഭിച്ച് ഒരു വോട്ടിന് നൂറ്റ് മുപ്പത്തിയൊമ്പതിനേക്കാൾ മൂല്യമുണ്ടെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കേരളത്തിൽ നിന്ന് ശ്രീമതി ദ്രൗപതി മുർമുവിന് ലഭിച്ച ഒരു വോട്ടിന് നൂറ്റിമുപ്പത്തൊമ്പതിനേക്കാൾ മൂല്യമുണ്ട്. ഇടതുവലതുമുന്നണികളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ട്.’ എന്നാണ് ദ്രൗപതി മുർമുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
കേരളത്തിൽ 140 എം എൽ എമാരും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഒരാൾ ദ്രൗപദി മുർമുവിന് അപ്രതീക്ഷിതമായി വോട്ട് ചെയ്യുകയായിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ക്രോസ് വോട്ടിംഗ്. രഹസ്യ ബാലറ്റായതിനാൽ ആരാണ് മുർമുവിന് വോട്ടു ചെയ്‌തതെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണ്.