രാജ്യത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചവരുടെ എണ്ണം അഞ്ചായി

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് മരണം. ഇതോടെ കൊവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് അഞ്ചാമത്തെ മരണം സ്ഥിരീകരിച്ചത്. എച്ച്. എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ഇന്നലെ രാത്രി 11.03 ഓടെയാണ് മരണം സംഭവിച്ചത്. 63 കാരനാണ് മരിച്ചത്.

രോഗിക്ക് കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കൊവിഡ് 19 മരണമാണിത്. ഇന്ത്യയില്‍ ഏറ്റവും അധികം കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതും മഹാരാഷ്ട്രയിലാണ്.

കര്‍ണാടകയിലാണ് രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും മരണം സ്ഥിരീകരിച്ചു. അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News