വാളയാര്‍ വ്യാജമദ്യ ദുരന്തം; ഒരാള്‍ കൂടി മരിച്ചു

പാലക്കാട്: വാളയാറില്‍ വ്യാജമദ്യം കഴിച്ച ഒരാള്‍ കൂടി മരിച്ചു. ചെല്ലാന്‍കാവ് സ്വദേശി മൂര്‍ത്തി ആണ് മരിച്ചത്. ഇയാളെ പാലക്കാട് സുല്‍ത്താന്‍പേട്ടയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൂര്‍ത്തിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും ഇയാള്‍ രക്ഷപ്പെട്ടിരുന്നു.

നേരത്തെ വാളയാര്‍ പയറ്റുകാട് കോളനിയിലെ രാമന്‍ (65), അയ്യപ്പന്‍ (63), ശിവന്‍ (45) എന്നിവരാണ് മരിച്ചത്. ഇതില്‍ രാമന്‍ ഞായറാഴ്ച ഉച്ചയ്ക്കും അയ്യപ്പന്‍ വൈകുന്നേരവും ശിവന്‍ ഇന്നു രാവിലെയുമാണ് മരിച്ചത്. മൂന്നുപേരും മരണമടഞ്ഞതിനെ തുടര്‍ന്നാണ് വ്യാജമദ്യമാണോ എന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ടായത്. ഇവര്‍ ഞായറാഴ്ച സംഘം ചേര്‍ന്ന് മദ്യപിച്ചിരുന്നു. വീര്യം കൂട്ടാനായി ഏതെങ്കിലും രീതിയിലുള്ള വ്യാജ വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിച്ചുവരികയാണ്.

സാനിറ്റൈസറിന്റെ ഗന്ധം പരിസരത്ത് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കൂ. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടായിരുന്നതായും സംശയമുണ്ട്. പുതുശേരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ചെല്ലങ്കാവ് കോളനിയില്‍ താമസിക്കുന്നവരാണ് മരണപ്പെട്ടവര്‍. നാല്‍പ്പതിലധികം കുടുംബങ്ങളാണ് ഈ കോളനിയില്‍ താമസിക്കുന്നത്.

തമിഴ്‌നാടിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണിത്. അതിര്‍ത്തി കടന്ന് സ്പിരിറ്റ് കടത്തി ഇവിടെ സൂക്ഷിച്ച് വിവിധ പ്രദേശങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നതായി നേരത്തെ പരാതികളുണ്ടായിരുന്നു. ഈ രീതിയിലും അന്വേഷണം നടക്കുന്നതായി എക്‌സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News