മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചയാളുടെ കുടുംബത്തിലെ പത്ത് പേര്‍ക്ക് രോഗബാധ

മലപ്പുറം: മലപ്പുറത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇന്നത്തെ മൂന്നാമത്തെ കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊണ്ടോട്ടി പെരുവള്ളൂര്‍ സ്വദേശി കോയമു ആണ് മരിച്ചത്. 82 വയസ് ആയിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 29ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന ഇയാള്‍ പ്ലാസ്മ തെറാപ്പിക്കും വിധേയനായിരുന്നു. രാവിലെ 10.30യോട് കൂടിയായിരുന്നു മരണം.

കഴിഞ്ഞ മാസം 29ന് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കോയാമുവിന് പ്രമേഹം, രക്തസമ്മര്‍ദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ഭാര്യയും മക്കളും ഉള്‍പ്പടെ പത്ത് പേര്‍ കൊവിഡ് ബാധിതരാണ്.

എറണാകുളത്ത് ഇടപ്പള്ളി തൃക്കാക്കര പൈപ്പ്ലൈന്‍ സ്വദേശി ദേവസി ആലുങ്കല്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. 80 വയസായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ദേവസി. 1977,1992 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

നേരത്തെ സംസ്ഥാനത്ത് ഒരു പോലീസ് ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇടുക്കി ജില്ലയിലെ എസ്ഐ അജിതന്‍ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരുന്നു മരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News