ഇടുക്കിയില്‍ ഒരാള്‍ക്ക് കോവിഡ്

ഇടുക്കി: ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ 28 കാരനാണ് രോഗം ബാധിച്ചത്. ഡല്‍ഹിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ ഇദ്ദേഹം കഴിഞ്ഞ 22 ന് എറണാകുളത്ത് ട്രയിന്‍ മാര്‍ഗം എത്തിയതാണ്.തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസില്‍ തൊടുപുഴയിലെത്തി സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. യുവാവിനെ ഇന്നലെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.


കോവിഡ് 19 -എംപി ഫണ്ടില്‍ നിന്നും അനുവദിച്ച ഉപകരണങ്ങള്‍ കൈമാറി.

കോവിഡ് 19 പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ ആശുപത്രികളിലേക്കായി ഡീന്‍ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1 കോടി 15 ലക്ഷം രൂപയില്‍ 94.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറി. 3 ഐ.സി.യു വെന്റിലേറ്റര്‍, 3 കാര്‍ഡിയാക് ഡിഫ്രീബിലേറ്റര്‍, 8 മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ക്രിട്ടിക്കല്‍ കെയര്‍ ഉപകരണങ്ങള്‍ എന്നിവയാണു എംപി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. എന്‍. രവികുമാറിനു ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ സാന്നിധ്യത്തില്‍ കൈമാറിയത്.

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ആകെ 1 കോടി 48 ലക്ഷം രൂപയാണ് എംപി ഫണ്ടില്‍ നിന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. ചടങ്ങില്‍ ഡിഎംഒ ഡോക്ടര്‍ പ്രിയ , ആര്‍.എം.ഒ. ഡോ.എസ്. അരുണ്‍,ദേശീയ ആരോഗ്യ മിഷന്‍ ജില്ലാ പ്രോജക്റ്റ് മാനേജര്‍ ഡോ. സുജിത്ത് സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

ഇടുക്കി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ സമാഹരിച്ച 100 പിപി ഇ കിറ്റുകള്‍ കൂടി ഡീന്‍ കുര്യാക്കോസ് എംപി ജില്ലാ കളക്ടര്‍ എച്ച്. ദിനേശനു കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News