ന്യൂഡല്‍ഹി: ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന മതപരിവര്‍ത്തനത്തില്‍ ആശങ്ക അറിയിച്ച് അലഹബാദ് ഹൈക്കോടതി. ഇത്തരമൊരു സാഹചര്യം തുടര്‍ന്നാല്‍ രാജ്യത്തെ ഭൂരിപക്ഷ ജനസംഖ്യ ഒരുനാള്‍ ന്യൂനപക്ഷമായി മാറുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് കൈലാഷ് എന്നയാളുടെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു. ഒരു ഗ്രാമത്തില്‍ നിന്നുള്ള ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചതിന് ഇയാള്‍ കേസ് നേരിടുന്നുണ്ട്. ഇയാളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇതേ രീതി തുടരാന്‍ അനുവദിച്ചാല്‍ ഈ രാജ്യത്തെ ഭൂരിപക്ഷം ഒരുനാള്‍ ന്യൂനപക്ഷമായി മാറുമെന്നും ഹൈക്കോടതി പറഞ്ഞു.
രാജ്യത്ത് എവിടെയെങ്കിലും മതപരമായ പരിപാടികളില്‍ മതപരിവര്‍ത്തനം നടത്തി ആളുകളെ മാറ്റുന്നുണ്ടെങ്കില്‍ അത് ഉടനെ നിര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. വ്യക്തികളെ മതപരിവര്‍ത്തനം ചെയ്യുന്ന മതപരിപാടികള്‍ക്ക് ഉടന്‍ വിലക്കേര്‍പ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു.
ഇത്തരം പരിപാടികള്‍ ഒരാളുടെ മതസ്വാതന്ത്ര്യത്തെ തന്നെ ഹനിക്കുന്നതാണ്. ആര്‍ട്ടിക്കിള്‍ 25 പ്രകാരം എല്ലാ വ്യക്തികള്‍ക്കും ഏത് മതത്തിലും വിശ്വസിക്കാനും, ആരാധിക്കാനും, അവകാശമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. മതപ്രചാരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു വ്യക്തിയെ മറ്റൊരു മതത്തിലക്ക് മാറ്റുകയല്ല. ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളില്‍ പാവപ്പെട്ടവര്‍ ക്രിസ്ത്യന്‍ വിഭാഗത്തിലേക്ക് മാറിയിരുന്നുവെന്നും അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും കോടതി പറഞ്ഞു.
മതപരിപവര്‍ത്തനത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി കൈലാഷിന് ജാമ്യം അനുവദിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഹാമിര്‍പൂര്‍ ജില്ലയിലെ മൗദാബ സ്വദേശിയാണ് ഇയാള്‍. രാംകാലി പ്രജാപതി എന്നയാളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
കൈലാഷ് മാനസികരോഗിയായ തന്റെ സഹോദരനെയും കൊണ്ട് നേരത്തെ ഡല്‍ഹിക്ക് പോയിരുന്നുവെന്നും, അവിടെ വെച്ച് തന്റെ സഹോദരന് മികച്ച ചികിത്സ ലഭ്യമാക്കിയ ശേഷം നാട്ടിലേക്ക് മടക്കി അയക്കാമെന്നും പറഞ്ഞിരുന്നു.
എന്നാല്‍ കുറച്ചുകാലം കഴിഞ്ഞിട്ടും സഹോദരന്‍ തിരിച്ചുവന്നില്ല. പിന്നീടുള്ള വരവില്‍ ഗ്രാമത്തിലുള്ള എല്ലാവരുമായിട്ടാണ് കൈലാഷ് മടങ്ങിയത്. ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മതപരിവര്‍ത്തനം നടക്കുന്ന ചടങ്ങാണ് അവിടെ നടന്നിരുന്നു. ഇവിടെ വെച്ച് എല്ലാ ഗ്രാമവാസികളെയും മതപരിവര്‍ത്തനം നടത്താനായിരുന്നു കൈലാഷ് ശ്രമിച്ചത്. പ്രജാപതിയുടെ സഹോദരന് മതപരിവര്‍ത്തനത്തിനായി പണം ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു.