അനിൽ ഒളിച്ചോടിയെന്ന് പറയുന്ന ഭാര്യ കലയുടെ കൊലപാതകം പുറത്തായത് മദ്യപാന സദസ്സിൽ.. പോലീസ് തേടിപ്പോയത് ഊമക്കത്തിന് പിന്നാലെ; മാന്നാറിലെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്ത് ഇങ്ങനെ
ആലപ്പുഴ:15 വർഷം മുൻപ് കാണാതായ കലയെ കുറിച്ചുള്ള വിവരം പ്രതികളിൽ ആരോ മദ്യപാന സദസ്സിൽ വെളിപ്പെടുത്തിയതാണെന്ന് സൂചന. ഇവിടെയുണ്ടായിരുന്നവരിൽ ആരെങ്കിലുമാകണം അമ്പലപ്പുഴ പൊലീസിൽ ഊമക്കത്ത് അയച്ചതെന്നാണ് പൊലീസിന്റെ അനുമാനം.
സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചപ്പോഴാണ് പ്രതി സംഭവം വെളിപ്പെടുത്തിയത്.ഊമക്കത്ത് ലഭിച്ചതിനു പിന്നാലെയാണ് അമ്പലപ്പുഴ പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചത്.സുരേഷ്, ജിനു, പ്രമോദ്, സന്തോഷ് എന്നിവരാണ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ളത്.
ഇവരെല്ലാം കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്.അമ്പലപ്പുഴയ്ക്കടുത്ത് കാക്കാഴം എന്ന സ്ഥലത്ത് മൂന്നുമാസം മുൻപുണ്ടായ ബോംബേറ് കേസുമായി ബന്ധപ്പെട്ട രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഈ സമയത്താണ് പൊലീസിന് ഊമക്കത്ത് ലഭിക്കുന്നത്.
ഈ കേസിലെ പ്രതികളായവർക്ക് മാന്നാറിൽ 15 വർഷം മുൻപു കാണാതായ കലയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും ഈ കാര്യം കൂടി അന്വേഷിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.ഇതിൽ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതക സൂചനകൾ പുറത്തുവരുന്നതിലേക്ക് നയിച്ചത്.15 വർഷം മുൻപ്, കലയെ കാണാനില്ലെന്ന് ഭർത്താവ് അനിൽ പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ ഈ കേസിൽ കാര്യമായ അന്വേഷണമുണ്ടായില്ല.കലയെ കാണാതായി 15 ദിവസം കഴിഞ്ഞപ്പോൾ തന്നെ അനിൽ വീണ്ടും വിവാഹിതനായി. ഈ ബന്ധത്തിൽ രണ്ട് കുട്ടികളും ഉണ്ട്.രണ്ട് മാസം മുമ്പാണ് ഇയാൾ ഇസ്രയേലിലേക്ക് പോയത്.അനിൽ, പഴയ വീടിന്റെ സമീപത്ത് പുതിയ വീട് പണിതിട്ടും ശുചിമുറി പൊളിച്ചുമാറ്റിയിരുന്നില്ല.ഇക്കാര്യം നാട്ടുകാരിൽ പലരും ചോദിച്ചപ്പോൾ വാസ്തു പ്രശ്നം കാരണമാണെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്.
കലയ്ക്കും അനിലിനും ഒരു മകനാണുള്ളത്.കലയുടെ മാതാപിതാക്കൾ രണ്ടുപേരും നേരത്തെ മരിച്ചു.ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ട് സഹോദരങ്ങളാണുള്ളത്. ഓട്ടോഡ്രൈവറായ ഇദ്ദേഹം കലയുടെ തിരോധാനത്തിൽ അന്വേഷണവുമായി മുന്നോട്ടുപോയിരുന്നില്ല.പ്രതികളിലൊരാൾ ഭാര്യയുമായുള്ള തർക്കത്തിനിടെ ‘അവളെപ്പോലെ നിന്നെയും തീർക്കും’ എന്ന് ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.