തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത പത്താം തീയതി മുതൽ ഓണച്ചന്തകൾ തുടങ്ങുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ജില്ലാ കേന്ദ്രങ്ങളിലെല്ലാം ഓണച്ചന്തയുണ്ടാകും. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ അഞ്ച് ജിവസം ഓണച്ചന്ത നടത്തും, ഇത് 16ന് തുടങ്ങും. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിക്കും.
റേഷൻ കടകൾവഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ് ലഭിക്കും. എഎവൈ (മഞ്ഞ) വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതിയിലും പിഎച്ച്‌എച്ച് (പിങ്ക്) വിഭാഗത്തിന് ആഗസ്‌ത് 4 മുതൽ 7 വരെ എൻപിഎസ് (നീല) വിഭാഗത്തിന് ആഗസ്റ്റ് 9 മുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള) വിഭാഗത്തിന് ആഗസ്റ്റ് 13 മുതൽ 16 വരെയുമാണ് കിറ്റ് വിതരണം.
ഓണക്കിറ്റിനായി 16 ഇന കിറ്റാണ് വിതരണം ചെയ്യുന്നത്. ഓണക്കിറ്റിലെ സാധനങ്ങൾക്ക് സഞ്ചി ഉൾപ്പെടെ 17 ഇനം എന്നത് 16 ഇനം ആയി കുറയ്ക്കുകയായിരുന്നു. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 570 രൂപയുടെ കിറ്റാകും ലഭിക്കുക. സ്പെഷ്യൽ കിറ്റിൽ നിന്നും ക്രീം ബിസ്കറ്റ് നേരത്തെ ഒഴിവാക്കിയിരുന്നു. സാമ്പത്തിക ബാധ്യത കുറയ്ക്കാൻ വേണ്ടിയാണ് ബിസ്കറ്റ് ഒഴിവാക്കിയതെന്നാണ് വിശദീകരണം. 22 കോടി രൂപയുടെ അധിക ബാധ്യതയാണ് ബിസകറ്റ് ഉൾപ്പെടുത്തിയാൽ വരുന്നതെന്ന് വിശദീകരണം.
പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, തേയില, മുളക്‌പൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിനാവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയിൽ ഒന്ന്, നെയ്യ്, ഉൾപ്പെടെയുള്ള വിഭവങ്ങളും ഉണ്ടാകും.