കൊച്ചി:മലയാള സിനിമയിൽ വർഷങ്ങളായി തുടരുന്ന നടനാണ് മുകേഷ്. രാഷ്ട്രീയത്തിലേക്കിറങ്ങിയ ശേഷം സിനിമകളിൽ പഴയത് പോലെ സജീവമല്ലെങ്കിലും ഇന്നും മുകേഷ് ജനപ്രിയനാണ്. നായകനായും സഹനടനായുമെല്ലാം നിരവധി സിനിമകളിൽ മുകേഷ് അഭിനയിച്ചു.
ഗോഡ്ഫാദർ ഇൻ ഹരിഹർനഗർ തുടങ്ങിയ സിനിമകളെല്ലാം മലയാളത്തിലെ ജനപ്രിയ സിനിമകളായി ഇന്നും നിലനിൽക്കുന്നു. നായകനായി അധികകാലം മുകേഷ് സിനിമകളിൽ നിലനിന്നിട്ടില്ല. വളരെ പെട്ടെന്ന് തന്നെ ക്യാരക്ടർ റോളുകളിലേക്ക് മുകേഷ് മാറി.
മലയാള സിനിമാ ലോകത്തെ കഥകൾ പറയുന്നതിൽ മിടുക്കനുമാണ് മുകേഷ്. നിരവധി താരങ്ങളുമായി അടുത്ത സൗഹൃദം മുകേഷിനുണ്ട്. ഇവരെക്കുറിച്ചുള്ള കഥകൾ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ ഇത്തരത്തിൽ രസകരമായ പല കഥകളും അദ്ദേഹം പങ്കുവെച്ചു.
ഇപ്പോഴിതാ പ്രിയദർശൻ സംവിധാനം ചെയ്ത അറബിയും ഒട്ടകവും എന്ന സിനിമയിലെ അനുഭവ കഥ പങ്കുവെച്ചിരിക്കുകയാണ് മുകേഷ്. മോഹൻലാൽ, മുകേഷ്, ഭാവന, ലക്ഷ്മിറായ്, ഇന്നസെന്റ് തുടങ്ങിയവരായിരുന്നു സിനിമയിൽ പ്രധാന വേഷം ചെയ്തത്.
‘ഒരു ദിവസം രാവിലെ പ്രിയൻ പറഞ്ഞു മരുഭൂമിയിൽ രാവിലെ നല്ല ഭംഗിയായിരിക്കും ആദ്യ ഷോട്ട് 8.30ന് എടുക്കാം. ഇവിടെ നിന്ന് ഏഴ് മണിക്ക് മേക്കപ്പ് ചെയ്ത് ഇറങ്ങിയാൽ മതിയെന്ന്. അവിടെ നല്ല ജിമ്മാണ്. മരുഭൂമിയിൽ പോവുകയല്ലേ എന്ന് കരുതി ഞാൻ രാവിലെ അഞ്ച് മണിക്ക് ജിമ്മിൽ പോയി’
‘ഈ സമയത്ത് നടന്നതാണ് കഥ. എന്റെ അസിസ്റ്റന്റും മേക്കപ്പ്മാനുമായ പട്ടാമ്പി രാജൻ രാവിലെ വന്ന് വിളിച്ചു. കോളിംഗ് ബെല്ലടിച്ചിട്ടും ഡോർ തുറന്നില്ല. ഇത്രയും കോളിംഗ് ബെല്ലടിച്ചിട്ടും ഒരിക്കലും തുറക്കാതിരുന്നിട്ടില്ല. എന്തോ സീരിയസാണെന്ന് കരുതി പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനോട് പറഞ്ഞു’
‘അവർ നേരെ മോഹൻലാലിന്റെ മുറിയിൽ ചെന്നു. മുകേഷുണ്ടോ ഇവിടെയെന്ന് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞു. ലക്ഷ്മി റായുടെ റൂമിൽ ചെന്നു. ലക്ഷ്മി റായോട് ചോദിക്കുന്നതിന് മുമ്പ് മുറിയിൽ എത്തി നോക്കി. മുകേഷേട്ടൻ ഇവിടെ വന്നോ എന്ന് ചോദിച്ചു. മുകേഷ് സാറെന്തിനാണ് ഇവിടെ വരുന്നത്? ലൊക്കേഷനില്ലേയെന്ന് ലക്ഷ്മി റായ്. ഭാവനയുടെ റൂമിൽ ചെന്നു. അവിടെയില്ല. എല്ലാവരുടെയും റൂമിൽ ചെന്നു’
‘ഹോട്ടൽ മാനേജരോട് പറഞ്ഞു. എന്തോയൊരു ആക്സിഡന്റ് സംഭവിച്ചിട്ടുണ്ട്, അബോധാവസ്ഥയിലായിരിക്കാം അല്ലെങ്കിൽ മരിച്ചിരിക്കാമെന്ന്. ഹോട്ടൽ മാനേജർ വന്ന് ഡോറിൽ തട്ടി. മൂന്ന് പ്രാവശ്യം വിളിച്ചിട്ടും തുറക്കാതായതോടെ വാതിൽ ചവിട്ടിപ്പൊളിക്കാൻ തീരുമാനിച്ചു. അപ്പോൾ പിറകിൽ കൂടെ ഞാൻ വന്ന് നിൽക്കുന്നു. എനിക്ക് മനസ്സിലാവുന്നില്ല’
‘മോഹൻലാൽ നോക്കിയപ്പോൾ എന്നെ കണ്ടു. മോഹൻലാൽ ഇങ്ങനെയൊരു കാര്യം കൈയിൽ കിട്ടിക്കഴിഞ്ഞാൽ അത് വെച്ച് പൊലിപ്പിക്കും. മരിച്ച് കഴിഞ്ഞാൽ ഹോട്ടലിന്റെ ഭാഗത്ത് നിന്ന് ഒരു പേയ്മെന്റ് കൊടുക്കുമോ എന്ന് മാനേജരോട് മോഹൻലാൽ’
‘അപ്പോഴേക്കും പിറകിൽ നിന്ന് ഞാൻ വന്നു. കുറേപേർ ചിരിക്കുന്നു, കുറേ പേർ എന്താ കാര്യമെന്ന് ചോദിക്കുന്നു. ലക്ഷ്മി റായ്ക്ക് ഒറ്റക്കാര്യമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. നിങ്ങളെന്റെ മുറിയിൽ പോയി കട്ടിലിലും അലമാരയിലും നോക്കിയല്ലോ അതെന്തടിസ്ഥാനത്തിലാണെന്ന്’
കുന്തം പോയാൽ കുടത്തിലും തപ്പണല്ലോയെന്ന് പ്രൊഡക്ഷൻ കൺട്രോൾ പറഞ്ഞു. ഇത് എല്ലാവരിലും ചിരി പടർത്തിയെന്നും മുകേഷ് ഓർത്തു. 2011 ലാണ് അറബിയും ഒട്ടകവും എന്ന സിനിമ റിലീസ് ചെയ്യുന്നത്. സിനിമ വലിയ വിജയമായില്ല.