സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ ആളെക്കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ ആറാം ദിവസവും തുടരുന്നു. കൂടല്ലൂർ ഗ്രാമത്തിൽ മൂന്നിടത്ത് കൂടുവച്ച് കാത്തിരിക്കുകയാണ് വനംവകുപ്പ്. കെണിയുടെ പരിസരത്ത് കൂടി പോയ കടുവ പക്ഷേ, കൂട്ടിൽ കയറിയില്ല. ആളെക്കൊല്ലി കടുവയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ സമയവും സന്ദർഭവും സ്ഥലവുമൊത്താൽ മയക്കുവെടി വയ്ക്കുന്നതിലേക്ക് ദൗത്യസംഘം കടക്കും.
പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കൊന്നത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്.
കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. ഡോ. അരുൺ സക്കറിയ കൂടല്ലൂരിൽ എത്തിയിട്ടുണ്ട്. വിക്രം, ഭരത് എന്നീ കുങ്കികളേയും കൂടല്ലൂരിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് കുംകികളെ ഉപയോഗിച്ചും തെരച്ചില്‍ നടത്തും. എട്ട് വർഷത്തിനിടെ ഏഴ് പേരാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം രണ്ട് മനുഷ്യ ജീവനകുൾ കടുവയെടുത്തത്.