വ്യാപനശേഷിയും ശൈത്യകാലവും; ഒമിക്രോണ്‍ കൈവിട്ടു പോകാന്‍ സാധ്യത: ഡോ. ആന്‍റണി ഫൗചി
യുകെ അടക്കമുള്ള രാജ്യങ്ങളില്‍ അതിവേഗം പടരുന്ന കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അമേരിക്കയിലെ പ്രബല കോവിഡ് വകഭേദമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ മെഡിക്കല്‍ ഉപദേശകന്‍ ഡോ. ആന്‍റണി ഫൗചി പറഞ്ഞു. ഒമിക്രോണിനെ പ്രതിരോധിക്കാന്‍ എല്ലാവരും കോവിഡ് വാക്സീനും ബൂസ്റ്റര്‍ ഡോസുകളും എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നേ വരെ നേരിട്ടതില്‍ വച്ച് ഏറ്റവും വ്യാപനശേഷി കൂടിയ കോവിഡ് വകഭേദമാണ് ഒമിക്രോണെന്നും യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് ഫൗണ്ടേഷന്‍റെ ഒരു വെര്‍ച്വല്‍ ചടങ്ങില്‍ പങ്കെടുക്കവേ ഫൗചി പറഞ്ഞു. ഒമിക്രോണിന്‍റെ വ്യാപനശേഷിയും ശൈത്യകാലവും കണക്കിലെടുത്താല്‍ സ്ഥിതിവിശേഷം കൈവിട്ടു പോകാന്‍ സാധ്യതയുണ്ടെന്നും വാക്സീന്‍ എടുക്കാത്തവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ അപകടകരമാകുമെന്നും ഫൗചി ചൂണ്ടിക്കാട്ടി.
ഒമിക്രോണിന്‍റെ വ്യാപനശേഷി കൂടുതലാണെങ്കിലും വൈറസ് മൂലമുള്ള രോഗബാധയുടെ തീവ്രതയെ സംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല. വാക്സീന്‍ എടുത്തവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തവര്‍ക്കും താരതമ്യേന മികച്ച സംരക്ഷണം വൈറസിനെതിരെയും രോഗതീവ്രതയ്ക്കെതിരെയും ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
കുറഞ്ഞത് 77 രാജ്യങ്ങളിലേക്കെങ്കിലും ഒമിക്രോണ്‍ പടര്‍ന്നിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. വാക്സീനുകള്‍ കൊണ്ട് മാത്രം രക്ഷയില്ലെന്നും മാസ്കുകളും സാമൂഹിക അകലവും പ്രധാനമാണെന്നും തെദ്രോസ് ചൂണ്ടിക്കാട്ടി.