‘ഹലോ സൗമ്യ, വിഷമിക്കേണ്ട, പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും, നിന്നെ നേരില്‍ വന്നു കാണാനായില്ല’; ചികിത്സയില്‍ കഴിയുന്ന ആരാധികയെ വിളിച്ച് ആശ്വസിപ്പിച്ച് രജനികാന്ത്
ചെന്നൈ: രോഗബാധിതയായ തന്റെ ആരാധികയെ വീഡിയോ കോളില്‍ വിളിച്ച് ആശ്വാസം പകര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കടുത്ത ആരാധികയായ സൗമ്യയെയാണ് രജനികാന്ത് വിളിച്ചത്.
‘ഹലോ സൗമ്യ, സുഖമാണോ? വിഷമിക്കേണ്ട, പെട്ടെന്ന് തന്നെ നീ സുഖം പ്രാപിക്കും. ക്ഷമിക്കണം കണ്ണാ, കൊറോണ സാഹചര്യം കാരണം എനിക്ക് നിന്നെ നേരില്‍ വന്നു കാണാനായില്ല. മാത്രമല്ല എനിക്ക് ആരോഗ്യപരമായി അത്ര സുഖവുമില്ല. അല്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ നേരില്‍ വന്ന് കണ്ടേനേ.
ധൈര്യത്തോടെയിരിക്കൂ..ദൈവം നിന്റെ കൂടെയുണ്ട്. ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുമുണ്ട്. നിന്റെ ചിരി എത്ര മനോഹരമാണ്. വിഷമിക്കണ്ട കണ്ണാ.. നീ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും…’ രജനി വീഡിയോയില്‍ പറയുന്നു.
ആരാധകരെ എന്നും തന്നോട് ചേര്‍ത്ത് നിര്‍ത്തുന്ന രജനിയുടെ ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. അടുത്തിടെ രക്തക്കുഴലില്‍ തടസ്സം കണ്ടെത്തിയതിനെത്തുടര്‍ന്ന് രജനി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. സിരുത്തൈ ശിവ സംവിധാനം ചെയ്ത അണ്ണാത്തെയാണ് രജനിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകളില്‍ റിലീസിനെത്തിയ സൂപ്പര്‍താര ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.