ന്യൂഡൽഹി :സുപ്രീം കോടതിയിൽ നൽകിയ കണക്കനുസരിച്ചു ഗുജറാത്ത് സർക്കാർ 24,000 കുടുംബങ്ങൾക്ക് ഇതുവരെ കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്തു. എന്നാൽ, സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് മൂലം മരിച്ചത് 10,100 പേർ മാത്രമാണ്. നഷ്ടപരിഹാരം തേടി 40,000 അപേക്ഷകൾ ലഭിച്ചുവെന്നാണു സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. അപേക്ഷകരുടെയും നഷ്ടപരിഹാരവിതരണത്തിന്റെയും എണ്ണം കൂടിയതനുസരിച്ച് ഔദ്യോഗിക മരണക്കണക്ക് ഇനിയും വർധിപ്പിച്ചിട്ടില്ല.
അതേസമയം, 1.41 ലക്ഷം പേർ മരിച്ച മഹാരാഷ്ട്രയിൽ 87,000 അപേക്ഷകൾ ലഭിച്ചു. നഷ്ടപരിഹാരം വിതരണം ചെയ്തത് 1658 പേർക്കു മാത്രം. അർഹരായവർക്ക് 10 ദിവസത്തിനുള്ളിൽ തുക നൽകണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടു. 22,915 പേർ മരിച്ച ഉത്തർപ്രദേശിൽ ഏതാണ്ട് അത്ര തന്നെ അപേക്ഷ കിട്ടിയെന്നാണ് സംസ്ഥാനം അറിയിച്ചത്. ഇതിൽ 20,060 പേർക്കു തുക നൽകി. കേരളത്തിൽ മരണം 44,189 ആയി. 10,777 പേരുടെ ബന്ധുക്കളാണ് അപേക്ഷിച്ചത്. 548 പേർക്കു തുക നൽകി.
കോവിഡ് മരണത്തിനുള്ള നഷ്ടപരിഹാര കാര്യത്തിനു സംസ്ഥാന സർക്കാരുകൾ വേണ്ടത്ര പ്രചാരണം നൽകുന്നില്ലെന്ന വിമർശനം കേരളത്തിനു നേരെയും സുപ്രീം കോടതി ഉന്നയിച്ചു. നേരത്തേ പരസ്യം നൽകുന്നതിൽ വൈമുഖ്യം കാട്ടിയ ഗുജറാത്ത് സർക്കാർ കോടതി നിർദേശത്തെ തുടർന്നു വ്യാപക പരസ്യം പ്രസിദ്ധീകരിച്ചിരുന്നു.
ഈ രീതി കേരളവും പിന്തുടരണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ നഷ്ടപരിഹാര വിതരണത്തിന്റെ തൽസ്ഥിതി അറിയിച്ച് പുതിയ സത്യവാങ്മൂലം നൽകണം.