ഭുവനേശ്വർ: യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. ഒഡിഷയിലെ ജാജ്പുർ സ്വദേശിയായ സൗമ്യ രഞ്ജൻ സമാലി(23)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ശുഭശ്രീ ബെഹ്‌റ(23), കാമുകൻ തപൻ ഖില്ലാർ(26), ഇയാളുടെ സഹോദരി പ്രിതിപ്രവ പ്രിയദർശിനി, തോക്ക് നിർമിച്ചുനൽകിയ സുരാജ്, അങ്കിത് എന്നിവരെ പോലീസ് അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
സൗമ്യ രഞ്ജൽ സമാലിനോട് വിവാഹമോചനം ആവശ്യപ്പെട്ടിട്ടും ഇദ്ദേഹം വിവാഹമോചനത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സൗമ്യ രഞ്ജൻ സമാലിനെ ബൈക്കിലെത്തിയ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തിയത്. റോഡിൽവെച്ച് വെടിയേറ്റ യുവാവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ തപൻ ഖില്ലാർ ആണ് ബൈക്കിലെത്തിയ അക്രമിയെന്ന് തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.കൊല്ലപ്പെട്ട സൗമ്യ രഞ്ജൻ സമാലിന്റെ ഭാര്യ ശുഭശ്രീ ബെഹ്‌റ നഗരത്തിൽ ഒരു ബ്യൂട്ടിപാർലർ നടത്തിവരികയാണ്.
സുഹൃത്തായ പ്രിതിപ്രവ പ്രിയദർശിനിയുടെ സഹോദരനായ തപൻ ഖില്ലാറുമായി ശുഭശ്രീ അടുപ്പത്തിലായി. കഴിഞ്ഞമാസം തപൻ ഖില്ലാർ ശുഭശ്രീയോട് വിവാഹാഭ്യർഥന നടത്തി. ഭർത്താവിൽനിന്ന് വിവാഹമോചനം നേടി വിവാഹം കഴിക്കാമെന്നായിരുന്നു ഇവരുടെ തീരുമാനം. ഇതനുസരിച്ച് ശുഭശ്രീ ഭർത്താവിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും സൗമ്യ രഞ്ജൻ അതിന് തയ്യാറായില്ല. ഇതോടെയാണ് പ്രതികൾ കൊലപാതകം ആസൂത്രണംചെയ്തതെന്നും പോലീസ് പറഞ്ഞു.
ഡ്രൈവറായി ജോലിചെയ്യുന്ന തപൻ ഖില്ലാർ തോക്ക് നിർമിച്ചുനൽകുന്ന സുരാജിനെയും അങ്കിതിനെയും ബന്ധപ്പെട്ടു. തുടർന്ന് തോക്കിനായുള്ള 49,000 രൂപ തപന്റെ സഹോദരി ഇവർക്ക് അയച്ചുനൽകി. അങ്കിതും സുരാജും കൈമാറിയ നാടൻത്തോക്ക് ഉപയോഗിച്ചാണ് തപൻ ഖില്ലാർ സൗമ്യ രഞ്ജനെ കൊലപ്പെടുത്തിയത്.
കൃത്യം നടത്തിയശേഷം നഗരത്തിലെ മെഡിക്കൽ കോളേജിന് സമീപത്തെ കുറ്റിക്കാട്ടിൽ തോക്ക് ഉപേക്ഷിച്ചതായും പോലീസ് പറഞ്ഞു.കൃത്യം നടത്താൻ ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ച ബൈക്കും ഇവരുടെ ഏഴു മൊബൈൽഫോണുകളും പോലീസ് പിടിച്ചെടുത്തു.
In a chilling incident in Jajpur, Odisha, a 23-year-old man, Soumya Ranjan Samal, was shot dead by his wife and her lover. Police arrested five people, including the victim’s wife Shubhashree Behera, her lover Tapan Khillar, and his sister. The murder was orchestrated after Soumya Ranjan refused to grant a divorce to Shubhashree, who wanted to marry Tapan. Tapan used a country-made pistol purchased for ₹49,000 to commit the crime. CCTV footage helped police identify the culprits, and the weapon along with the getaway bike has been seized.


