‘ജീവനക്കാരുടെ അശ്രദ്ധമൂലം കൊവിഡ് രോഗി മരിച്ചു’; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നഴ്‌സിംഗ് ഓഫീസര്‍

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം. ജീവനക്കാരുടെ അശ്രദ്ധമൂലം കൊവിഡ് രോഗി മരിച്ചതായുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്ത്.

‘ജീവനക്കാരുടെ അശ്രദ്ധമൂലം കൊവിഡ് രോഗി മരിച്ചു. ഇത്തരത്തില്‍ പല ജീവനുകളും നഷ്ടമായിട്ടുണ്ടെന്നുമാണ് നഴ്സിംഗ് ഓഫീസര്‍ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി.

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആര്‍.എം.ഒ നഴ്‌സിംഗ് ഓഫീസറുടെയും ഹെഡ് നഴ്‌സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം.

ഫോര്‍ട്ട്കൊച്ചി സ്വദേശി ഹാരിസിന്റെ മരണത്തിലാണ് ഗുരുതര വീഴ്ച്ചകള്‍ സംഭവിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ജൂലൈ 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണെന്നും സന്ദേശത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News