ഭോപ്പാല്‍: കോവിഡിനെതിരെ ഒറ്റ ശ്വാസകോശവുമായി പോരാടിയ നഴ്‌സ് രോഗമുക്തി നേടി. 39കാരിയായ പ്രഫുലിത് പീറ്ററാണ് കോവിഡിനെ കീഴടക്കി ജീവിതത്തിലേയ്ക്ക് തിരികെയെത്തിയത്. മധ്യപ്രദേശിലെ ടികാംഗഡ് ആശുപത്രിയിലെ കോവിഡ് വാര്‍ഡിലായിരുന്നു പ്രഫുലിത് ഡ്യൂട്ടി ചെയ്തിരുന്നത്.
കുട്ടിക്കാലത്ത് ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്നാണ് പ്രഫുലിതിന് ഒരു ശ്വാസകോശം നഷ്ടമായത്. എന്നാല്‍ 2014ല്‍ ഒരു ചെസ്റ്റ് എക്‌സ്‌റേ എടുത്തപ്പോഴാണ് പ്രഫുലിത് ഇക്കാര്യം തിരിച്ചറിഞ്ഞത്. കോവിഡ് വാര്‍ഡിലെ ഡ്യൂട്ടിക്കിടെയാണ് പ്രഫുലിതിന് കോവിഡ് ബാധിച്ചത്. എന്നാല്‍, ഒറ്റ ശ്വാസകോശമുള്ള പ്രഫുലിതിന് കോവിഡിനെതിരായ പോരാട്ടം കഷ്ടതകള്‍ നിറഞ്ഞതാകുമെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ ഉള്‍പ്പെടെയുള്ള വിലയിരുത്തല്‍.
എന്നാല്‍, മനസാന്നിധ്യം കൈവിടാതെ പ്രഫുലിത് കോവിഡിനെതിരെ പോരാടി. 14 ദിവസം വീട്ടില്‍ ഐസൊലേഷനില്‍ കഴിയുമ്പോള്‍ പ്രഫുലിത് പതിവായി യോഗയും പ്രാണായമവും ചെയ്യുമായിരുന്നു. ഇതിന് പുറമെ ശ്വസന സംബന്ധമായ മറ്റ് വ്യായാമങ്ങളും ചെയ്തതോടെ പ്രഫുലിത് വേഗത്തില്‍ തന്നെ കോവിഡില്‍ നിന്ന് മുക്തി നേടുകയായിരുന്നു.