കൊച്ചി:ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ വെച്ച് കന്യാസ്ത്രീകള്‍ അധിക്ഷേപിക്കപ്പെട്ട സംഭവം വിവാദമാകുന്നു. മാര്‍ച്ച് 19 ന് ദില്ലി-ഒഡീഷ ട്രെയിനില്‍ വെച്ചാണ് സംഭവം. മതംമാറ്റത്തിന് ശ്രമം എന്ന് ആരോപിച്ച് ഒരുസംഘം ആളുകള്‍ കന്യാസ്ത്രീകളെ അധിക്ഷേപിക്കുകയായിരുന്നു. നാല് കന്യാസ്ത്രീകളില്‍ രണ്ടുപേര്‍ ഒഡീഷ സ്വദേശികളും ഒരാള്‍ മലയാളിയുമാണ്.
ഇവരില്‍ രണ്ടുപേര്‍ തിരുവസ്ത്രം അണിഞ്ഞിരുന്നു. മറ്റ് രണ്ടുപേരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബജ്റംഗദള്‍ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് കന്യാസ്ത്രീകളുടെ ആരോപണം.
ട്രെയിനില്‍ വെച്ച് കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ എടുത്തതായും വനിതാ പൊലീസുകാര്‍ പോലും കൂടെ ഇല്ലായിരുന്നുവെന്നും പരാതിയുര്‍ന്നിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത കന്യാസ്ത്രീകളെ പിന്നീട് രാത്രി 11.30 ഓടെയാണ് വിട്ടയച്ചത്. വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.