മോസ്‌കോ: ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സൈനിക നേതൃത്വത്തിന് റഷന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്‍ നല്‍കിയ നിര്‍ദേശം യുക്രൈനെ ചര്‍ച്ചയ്ക്കു സന്നദ്ധമാക്കാനുള്ള സമ്മര്‍ദ തന്ത്രമാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് യുക്രൈന്‍ അറിയിച്ചത്, പുടിന്റെ ഈ ഭീഷണി മൂലമാണെന്നും അവര്‍ കരുതുന്നു. എങ്കിലും കേവലം സമ്മര്‍ദ തന്ത്രം എന്നു പൂര്‍ണമായും തള്ളിക്കളയാനാവില്ല, പുടിന്റെ ആണവ ഭീഷണിയെ എന്നു കരുതുന്നവരുമുണ്ട്. പ്രവചനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും അതീതനായാണ് പുടിന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പുടിന്റെ ആണവ യുദ്ധ ഭീഷണി ലോകത്തിന്റെ നെഞ്ചിടിപ്പു കൂട്ടുന്നതിനു പ്രധാന കാരണം റഷ്യ കൂട്ടിവച്ചിരിക്കുന്ന വലിയ ആണവായുധ ശേഖരം തന്നെ. ഫെഡറേഷന്‍ ഒഫ് അമേരിക്കന്‍ സയിന്റിസ്റ്റിന്റെ കണക്ക് അനുസരിച്ച് റഷ്യയുടെ പക്കല്‍ 5977 ആണവായുധങ്ങളുണ്ട്. ലോകത്ത് മറ്റേതൊരു രാജ്യത്തും ഉള്ളതിനേക്കാള്‍ കൂടുതലാണിത്. ഫെഡറേഷന്റെ കണക്കില്‍ യുഎസിന്റെ പക്കല്‍ ഉള്ളത് 5428 ആണവായുധങ്ങളാണ്.
ഈ രണ്ടു രാജ്യങ്ങളുടെയും അടുത്തെങ്ങും എത്താത്ത വിധം ശുഷ്‌കമാണ് ശേഷിച്ച രാജ്യങ്ങളുടെ ആണവായുധ ശേഷി. ചൈനയുടെ പക്കല്‍ 350ഉം ഫ്രാന്‍സിന്റെ കൈവശം 290ഉം ആണവായുധങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.ബ്രിട്ടനാണ് പട്ടികയില്‍ അടുത്തത്. അവരുടെ പക്കില്‍ 225 ആണവ ആയുധങ്ങളാണുള്ളത്. ഇതിനു പിന്നില്‍ പാകിസ്ഥാന്‍-165. ഇന്ത്യയുടെ പക്കില്‍ 160 ആണവ ആയുധങ്ങളുണ്ടെന്നാണ് ഫെഡറേഷന്‍ കണക്കുകുട്ടുന്നത്. ഇസ്രയേലിന്റെ പക്കല്‍ 90ഉം നോര്‍ത്ത് കൊറിയയുടെ പക്കില്‍ 20 ആണവ ആയുധങ്ങളണ്ടെന്നാണ് കണക്ക്.
റഷ്യ നടത്തുന്ന സൈനിക ആക്രമണത്തില്‍ 352 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു. ഇതില്‍ 16 പേര്‍ കുട്ടികളാണ് 1684 പേര്‍ക്ക് പരിക്കേറ്റു. 4500 റഷ്യന്‍ സൈനികരെ വധിച്ചതായും യുക്രൈന്‍ അവകാശപ്പെട്ടു. റഷ്യയുടെ 150 ടാങ്കുകളും 700 സൈനിക വാഹനങ്ങളും തകര്‍ത്തതായും യുക്രൈന്‍ സൈന്യം പറഞ്ഞു.
അതിനിടെ യുക്രൈന്‍ നഗരങ്ങളില്‍ റഷ്യന്‍ സേന ആക്രമണം കടുപ്പിച്ചു. തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യം വളഞ്ഞു. കീവില്‍ നിരവധി സ്ഫോടനങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈന്‍ സൈന്യം ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തുന്നത്. സാപ്രോഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി. മറ്റൊരു നഗരമായ ഹാര്‍കീവിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. തെക്കന്‍ തുറമുഖ നഗരങ്ങള്‍ റഷ്യ നിയന്ത്രണത്തിലാക്കിയതായാണ് വിവരം. ബൊര്‍ദ്യാന്‍സ്‌ക് നഗരം റഷ്യ പിടിച്ചെടുത്തു. ചെര്‍ണഹീവില്‍ ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തി. രണ്ടു നില കെട്ടിടം കത്തിനശിച്ചു. യുക്രൈന്റെ 1067 സൈനിക താവളങ്ങളില്‍ ആക്രമണം നടത്തിയെന്ന് റഷ്യ വ്യക്തമാക്കി.
അതിനിടെ യുക്രൈന് യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ യുദ്ധസന്നാഹങ്ങള്‍ അയച്ചു. ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉടന്‍ എത്തുമെന്ന് ഇ യു വ്യക്തമാക്കി. റഷ്യന്‍ വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയിലുള്ള പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ അമേരിക്ക നിര്‍ദേശിച്ചു. സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ റൂബിളിന്റെ മൂല്യം 41 ശതമാനം ഇടിഞ്ഞു.
അതേസമയം റഷ്യ-യുക്രൈന്‍ ചര്‍ച്ച ബെലാറൂസ് അതിര്‍ത്തിയില്‍ നടക്കും. ചര്‍ച്ചകള്‍ക്കായി ഇരു രാജ്യത്തെയും പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. ബെലാറൂസ് അതിര്‍ത്തി നഗരമായ ഗോമലില്‍ വെച്ചാണ് ചര്‍ച്ച. യു എന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗവും ഇന്ന് ചേരുന്നുണ്ട്. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗം ചര്‍ച്ച ചെയ്യും.