ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാൽ ഐക്യശ്രമം പരാജയമാകും; എസ്എൻഡിപിയുമായുള്ള ഐക്യത്തിൽനിന്ന് പിന്മാറി എൻഎസ്എസ്

ചങ്ങനാശ്ശേരി: എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽനിന്ന് പിന്മാറി എൻഎസ്എസ്. ഐക്യം പ്രായോഗികമല്ലെന്ന് ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തുകയായിരുന്നു. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന ഡയറക്ടർ ബോർഡ് യോഗ തീരുമാനം പത്രക്കുറിപ്പായി പുറത്തെത്തിയിട്ടുണ്ട്.

പത്രക്കുറിപ്പിന്റെ പൂർണരൂപം: 

പല കാരണങ്ങളാലും പല തവണ എൻഎസ്എസ്-എസ്എൻഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാൽ തന്നെ വ്യക്തമാകുന്നു. എൻഎസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാനുമാകില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എൻഎസ്എസിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരനിലപാട് ഉള്ളതിനാൽ. മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്എൻഡിപിയോടും സൗഹാർദത്തിൽ വർത്തിക്കാനാണ് എൻഎസ്എസ് ആഗ്രഹിക്കുന്നത്. എൻഎസ്എസ്-എസ്എൻഡിപി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നു എന്നാണ് ഡയറക്ടർ ബോർഡ് യോഗത്തിനു ശേഷമുള്ള പത്രക്കുറിപ്പിൽ എൻഎസ്എസ് വ്യക്തമാക്കുന്നത്.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ ഐക്യത്തിലാകാൻ തീരുമാനിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എൻഎസ്എസുമായുള്ള ഐക്യത്തിന് എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗം കഴിഞ്ഞദിവസം അംഗീകാരം നൽകുകയും ചെയ്തിരുന്നു. പെരുന്നയിൽ പോയി തുടർ ചർച്ചകൾ നടത്താൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് ദിവസങ്ങൾക്കിപ്പുറമാണ് ഐക്യത്തിൽനിന്ന് പിന്മാറുന്നതായി എൻഎസ്എസ് നിലപാട് കൈക്കൊള്ളുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News