വിഎസിന് ലഭിച്ച പദ്മവിഭൂഷൻ സ്വാഗതം ചെയ്ത് സിപിഎം; ‘മുമ്പ് നേതാക്കൾ തിരസ്‌കരിച്ചത് വ്യക്തിപരം’

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് ലഭിച്ച പദ്മവിഭൂഷൻ പുരസ്‌കാരത്തെ സ്വാഗതം ചെയ്ത് സിപിഎം. മുമ്പ് സിപിഎം നേതാക്കൾ പദ്മ പുരസ്‌കാരങ്ങൾ തിരസ്‌കരിച്ചത് അവരുടെ വ്യക്തിപരമായ നിലപാടിന്റെ ഭാഗമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.

‘മുമ്പ് പാർട്ടി നേതാക്കന്മാർ അവരവരുടെ നിലപാടനുസരിച്ചാണ് പുരസ്‌കാരം നിരസിച്ചത്. വിഎസിന്റെ കുടുംബം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഞങ്ങൾക്കെല്ലാം സന്തോഷമാണ്. പാർട്ടിയും സ്വാഗതം ചെയ്യുന്നു’ ഗോവിന്ദൻ പറഞ്ഞു.

കമ്യൂണിസ്റ്റ് നേതാക്കളായ മുൻമുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടും ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും നിരസിച്ച പുരസ്‌കാരമാണ് വി.എസിന് അദ്ദേഹത്തിന്റെ മരണാനന്തര ബഹുമതിയായി ലഭിച്ചത്. വിഎസിന് ലഭിച്ച ബഹുമതിയിൽ പാർട്ടിയുടെ നിലപാട് എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നു. ഇക്കാര്യത്തിലാണ് എം.വി.ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്

1992-ലാണ് ഇ.എം.എസിനെ പദ്മവിഭൂഷൺ പുരസ്‌കാരത്തിന് പരിഗണിച്ചത്. കോൺഗ്രസ് ഭരണത്തിൽ നരസിംഹറാവുവായിരുന്നു അന്ന് പ്രധാനമന്ത്രി. റാവുവിന്റെ സർക്കാരിനോട് നയപരമായി യോജിക്കാൻ കഴിയില്ലെന്ന കാരണംപറഞ്ഞാണ് ഇ.എം.എസ്. പുരസ്‌കാരം നിരസിച്ചത്.ഇ.എം.എസിനൊപ്പം, വാജ്‌പേയിക്കും അന്ന് പദ്മഭൂഷൻ പ്രഖ്യാപിച്ചിരുന്നു. വാജ്‌പേയി സ്വീകരിക്കുകയും ചെയ്തു.

2022-ലാണ് ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ പദ്മഭൂഷൻ പുരസ്‌കാരത്തിന് പരിഗണിച്ചത്. ‘എനിക്ക് അങ്ങനെയൊന്ന് നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഞാനത് നിരസിക്കുന്നു’ എന്നായിരുന്നു ബുദ്ധദേബിന്റെ പ്രതികരണം. അന്ന് പാർട്ടി ജനറൽസെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ബുദ്ധദേബിന്റെ വാക്കുകൾ ട്വീറ്റ് ചെയ്താണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സി.പി.എം. പൊളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിഞ്ഞതിനുശേഷമായിരുന്നു ബുദ്ധദേബിനെ തേടി പരമോന്നത പുരസ്‌കാരം വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News