കൊല്ലം: എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതില്‍ ആപത്കരമായി ഒന്നുമില്ലെന്ന് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും ആര്‍എസ്പി നേതാവുമായ എന്‍.കെ.പ്രേമചന്ദ്രന്‍. എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്ന് യുഡിഎഫ് തീരുമാനിച്ചതായി തനിക്കറിയില്ലെന്നും തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അവര്‍ പിന്തുണ പ്രഖ്യാപിച്ചതില്‍ തെറ്റില്ലെന്നും പ്രേമചന്ദ്രന്‍ അറിയിച്ചു.
‘ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹമുള്ള സംഘടനകള്‍ യുഡിഎഫിന് പിന്തുണ നല്‍കുന്നുണ്ട്. എസ്ഡിപിഐ പിന്തുണ യുഡിഎഫ് തള്ളിയിട്ടുണ്ടോ എന്നറിയില്ല. അവരുടെ പിന്തുണ സ്വീകരിക്കണോ എന്നത് ആലോചിച്ചിട്ട് പറയാം. ആര്‍എസ്പിക്കും യുഡിഎഫിനും ഒരു നിലപാടാണ്. ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനുള്ള അവകാശവും അത് പ്രഖ്യാപിക്കാനുള്ള അവകാശവും എല്ലാ സംഘടനയ്ക്കുമുണ്ട്.
കോണ്‍ഗ്രസാണ് ഇത്തവണ അധികാരത്തില്‍ വരേണ്ടത് എന്ന് തോന്നി ഒരു സംഘടന പിന്തുണ പ്രഖ്യാപിച്ചാല്‍ അതില്‍ എന്താണ് തെറ്റ്. ബിജെപിയുടെ അകത്തുള്ള എത്രയോ പേര്‍ മാറി ചിന്തിക്കുന്നുണ്ട്’ പ്രേമചന്ദ്രന്‍ പറഞ്ഞു. സിപിഎമ്മിന്റെ വോട്ട്ബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാകും. അത് അവര്‍ ഭയക്കുന്നുണ്ടെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കില്ലെന്നും വ്യക്തിപരമായി ആര്‍ക്കുവേണമെങ്കിലും യു.ഡി.എഫിന് വോട്ട് ചെയ്യാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് പറഞ്ഞിരുന്നു. എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ബിജെപി ദേശീയതലത്തില്‍ പ്രചാരണ വിഷയമാക്കിയതോടെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.