തിരുവനന്തപുരം: രണ്ട് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും കേരളത്തിന് ഒരു പദ്ധതിയും പ്രഖ്യാപിക്കാതെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്. പ്രഖ്യാപനങ്ങൾ ഒന്നും ഇല്ലെന്ന് മാത്രമല്ല കേരളത്തിന്റെ പേരുപോലും ബഡ്‌ജറ്റിൽ പരാമർശിച്ചിട്ടില്ലെന്നാണ് കേരളത്തിനിന്നുള്ള പ്രതിപക്ഷ എംപിമാർ പറയുന്നത്. അഞ്ചുവർഷത്തെ ഭരണം ഉറപ്പാക്കുന്നതിനുവേണ്ടി നിതീഷിനെയും ചന്ദ്രബാബു നായിഡുവിനെയും പ്രീതിപ്പെടുത്തുന്നതിനായി ആന്ധ്രാപ്രദേശിനും ബീഹാറിനും വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്താണ് കേരളം വർഷങ്ങളായി മുന്നോട്ടുവയ്‌ക്കുന്ന എയിംസ് പോലുള്ള പദ്ധതികൾക്ക് നേരെ കേന്ദ്രം മുഖതിരിച്ചത്.
സുരേഷ് ഗോപിയും ജോർജ് കുര്യനും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരാണ്. മാത്രമല്ല സുരേഷ് ഗോപി കേരളത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ ജയിച്ച എംപികൂടിയാണ്. കേരളത്തിൽ നിന്ന് ഒരു എംപിയെ തന്നാൽ സംസ്ഥാനത്തെ വികസിത സംസ്ഥാനമാക്കി മാറ്റുമെന്നാണ് എൻഡിഎ നേതാക്കൾ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നത്. അതിനാൽ തന്നെ മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് ബഡ്‌ജറ്റ് പ്രഖ്യാപനം കാത്തിരുന്നത്. എന്നാൽ തീർത്തും നിരാശയായിരുന്നു ഫലം.
അപൂർവ വ്യാധികളിൽ വിറച്ച് നിൽക്കുന്ന കേരളത്തിന് എയിംസ് അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഇത്തവണ ഉണ്ടാകുമെന്നാണ് ഭൂരിപക്ഷവും കരുതിയത്. എയിംസ് അനുവദിക്കണമെന്നും അതിനുവേണ്ട എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.
2014ൽ കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസ് പിന്നീട് കേന്ദ്രം മറന്നു. ഇതിനു ശേഷം അഞ്ച് എയിംസുകൾ യാഥാർത്ഥ്യമായി. കാസർകോട്, കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ എയിംസിനായി പിടി വലിയുണ്ടായതോടെ സമവായത്തിന് നിർദ്ദേശിച്ച് കേന്ദ്രസർക്കാർ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. കേരളത്തിന് എയിംസ് അനുവദിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം 2022ഏപ്രിലിൽ ധനമന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല.
രാജ്യത്തിന്റെ തന്നെ നമ്പർ വൺ ആയ വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി 5,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യവും പരിഗണിച്ചില്ല. പാക്കേജ് അനുവദിച്ചാൽ തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികൾ സംസ്ഥാന ബഡ്ജറ്റിലുൾപ്പെടുത്തി നടപ്പാക്കാനാവുമായിരുന്നു. ഇതിലൂടെ സംസ്ഥാനത്തിനും രാജ്യത്തിനും വൻ സാമ്പത്തിക വളർച്ചയുണ്ടാവുകയും ചെയ്യുമായിരുന്നു. പ്രത്യേക പാക്കേജ് പോയിട്ട് വിഴിഞ്ഞത്തിന് അനുകൂലമായ ഒരു പ്രഖ്യാപനം പോലും ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്.