മുംബൈ: വാക്കുതർക്കത്തിന്റെയും പിന്നാലെയുള്ള വിവാദങ്ങളുടെയും പേരിൽ ഈ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ ഓർമിക്കപ്പെടുന്ന മത്സരമാകും മേയ് ഒന്നിന് ലക്നൗവിൽ നടന്നത്. റോയൽ ചാലഞ്ചേഴസ് ബാംഗ്ലൂരും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിൽ നടന്ന മത്സരത്തിനൊടുവിൽ ക്രീസിൽ കോലിയും ലക്നൗ താരം നവീൻ ഉൾഹഖും ലക്നൗ മെന്റർ ഗൗതം ഗംഭീറും തമ്മിൽ അരങ്ങേറിയ വാഗ്വാദങ്ങളാണ് വിവാദങ്ങളിലേക്ക് വലിച്ചഴച്ചത്. ഇതിനു പിന്നാലെ കോലിക്കും ഗംഭീറിനുമെതിരെ മാച്ച് ഫീയുടെ നൂറു ശതമാനം പിഴയും ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു ബിസിസിഐയുടെ നടപടി.
എന്നാൽ ഇപ്പോൾ തനിക്ക് പിഴ ചുമത്തിയതിൽ നിരാശയുണ്ടെന്ന് കാണിച്ച് വിരാട് കോലി ബിസിസിഐയ്ക്ക് കത്ത് അയച്ചെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. പിഴ ചുമത്താൻ മാത്രം താൻ നവീൻ ഉൾ ഹഖിനെയോ ഗംഭീറിനെയോ ഒന്നും ചെയ്തിട്ടില്ലെന്നാണ് കത്തിൽ പറയുന്നതെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
മേയ് ഒന്നിനു നടന്ന മത്സരത്തിൽ ലക്നൗ താരങ്ങളായ കൈൽ മെയേഴ്സ്, നവീൻ ഉൾ ഹഖ് തുടങ്ങിയവരെ ഗ്രൗണ്ടിൽ വച്ച് കോലി പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി മത്സരശേഷം നവീനും കോലിയും തമ്മിൽ കയർത്തു. പിന്നീട് ൈകൽ മെയേഴ്സും കോലിയും സംസാരിക്കുമ്പോൾ ഗംഭീറെത്തി മെയേഴ്സിനെ കൂട്ടിക്കൊണ്ടു പോയി.
ഇരുവരും രണ്ടു ദിശകളിലേക്ക് നീങ്ങുന്നതിനിടെ ഗംഭീർ പ്രകോപിതനായി തിരിച്ചുവരുകയായിരുന്നു. തുടർന്ന് കോലിയും ഗംഭീറും തമ്മിലായി തർക്കം. ഒടുവിൽ ലക്നൗ ക്യാപ്റ്റൻ കെ.എൽ.രാഹുൽ ഇടപെട്ടാണ് വിഷയം പരിഹരിച്ചത്.