ഒട്ടാവ: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളായതിനിടെ ഇന്ത്യയില്‍ കഴിയുന്ന കാനേഡിയന്‍ പൗരന്മാര്‍ക്കായി കാനേഡിയന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
വിഷയത്തില്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്നം കൂടുതള്‍ വഷളാക്കാനോ ശ്രമിക്കുന്നില്ലെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യയില്‍ വലിയ രീതിയുള്ള സുരക്ഷ ഭീഷണിയുണ്ടെന്നാരോപിച്ച് കഴിയുന്ന കാനേഡിയന്‍ പൗരന്മാര്‍ അതീവജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കിയുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ വെബ്സൈറ്റിലൂടെ പുറത്തിറക്കിയത്.
സാഹചര്യങ്ങള്‍ പെട്ടെന്ന് മാറിമറിയാന്‍ സാധ്യതയുണ്ടെന്നും ചില സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും ഏതുസമയവും തീവ്രവാദ ആക്രമണ ഭീഷണിയുള്ളതിനാല്‍ ഇന്ത്യയില്‍ കഴിയുന്ന കാനേഡിയന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നുമാണ് മാര്‍ഗനിര്‍ദേശം. എപ്പോഴും ജാഗ്രതയോടെയിരിക്കണം. പ്രാദേശിക മാധ്യമങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിക്കുകയും പ്രാദേശിക ഭരണകൂടത്തിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം. അത്യാവശ്യമല്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുത്. ഇപ്പോള്‍ ഇന്ത്യയിലാണെങ്കില്‍ അവിടെ തന്നെ നില്‍ക്കേണ്ടതുണ്ടോയെന്ന് ആലോചിക്കണം.
നില്‍ക്കേണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ മടങ്ങിവരണം. സുരക്ഷിതമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ഇന്ത്യയില്‍ കഴിയുന്ന കാനേഡിയന്‍ പൗരന്മാര്‍ അവിടെനിന്നും മടങ്ങിവരുന്നതിനെക്കുറിച്ച് ആലോചിക്കണം. പ്രവചനാതീതമായ സുരക്ഷ സാഹചര്യത്താല്‍ ജമ്മു കശ്മീരിലേക്കുള്ള യാത്ര ഒഴിവാക്കണം. തീവ്രവാദ ഭീഷണി, പ്രാദേശിക സംഘര്‍ഷം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാണ് ജമ്മു കശ്മീരില്‍ സന്ദര്‍ശം ഒഴിവാക്കണമെന്ന് കാനഡ നിര്‍ദേശിച്ചിരിക്കുന്നത്.
ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്നം വഷളാക്കാനോ ശ്രമിക്കുന്നില്ലെന്നും എന്നാല്‍, വിഘടനവാദി നേതാവിന്‍റെ കൊലപാതകത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ വലിയ ഗൗരവത്തോടെ കാണണമെന്നുമാണ് ട്രൂഡോ പറഞ്ഞത്. ഹർദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന് ജസ്റ്റിന്‍ ട്രൂഡോ പാർലമെന്‍റിൽ പ്രസ്താവന നടത്തിയിരുന്നു. ഇതിനുപിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തു.
ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. ഇതിന് മറുപടിയായി ഇന്ത്യയും മുതിര്‍ന്ന കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു. ഇന്ത്യ വിരുദ്ധ നടപടിക്കാണ് കേന്ദ്രസർക്കാരിന്‍റെ മറുപടി. അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ രംഗത്തെത്തിയിരുന്നു. കാനഡയിലെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ട്രൂഡോയെ അറിയിച്ചിരുന്നു. ഖലിസ്ഥാൻ ഭീകരർക്ക് കാനഡ താവളം ഒരുക്കുന്നുവെന്നും ഇന്ത്യ വിമർശിച്ചിരുന്നു.
ഈ വര്‍ഷം ജൂണ്‍ 18നാണ് കാനഡയിലെ സറെയിലെ ഗുരുദ്വാരയ്ക്ക് സമീപം ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് നേതാവ് ഹർദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ട് അജ്ഞാതര്‍ നിജ്ജാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.