ഡബിളടിച്ച് ബെല്ലിങ്ങാം; ഹാളണ്ടിന് മടങ്ങാം, നോർവേയെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ

ഡബിളടിച്ച് ബെല്ലിങ്ങാം; നോർവേ ഉയർത്തിയ വെല്ലുവിളി മറികടന്ന് ഇംഗ്ലണ്ട് സെമിയിൽ

മയാമി: നോർവേ ഉയർത്തിയ കടുത്ത പോരാട്ടം അതിജീവിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ. ജൂഡ് ബെല്ലിങ്ങാം ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ജയം. എക്‌സ്ട്രാ ടൈമിലായിരുന്നു ബെല്ലിങ്ങാമിന്റെ വിജയ ഗോൾ. 36-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡറപ്പിലൂടെ മുന്നിലെത്തിയ നോർവേയ്‌ക്കെതിരേ രണ്ടു ഗോൾ തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് സെമി ടിക്കറ്റ് ഉറപ്പാക്കിയത്. അർജന്റീന – സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ വിജയികളെ സെമിയിൽ ഇംഗ്ലണ്ട് നേരിടും. ഈ ലോകകപ്പിൽ അവിശ്വസനീയ മുന്നേറ്റം നടത്തിയ നോർവേ അങ്ങനെ ക്വാർട്ടറിൽ മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷം മടങ്ങി. വാറിന്റെ ഇടപെടലിൽ നേടിയ ഒരു ഗോൾ നിഷേധിക്കപ്പെട്ടത് നോർവേയ്ക്ക് നിർഭാഗ്യമായി.

പതിഞ്ഞ തുടക്കമായിരുന്നു മത്സരത്തിന്റേത്. തുടക്കത്തിൽ ഇരു ഭാഗത്തു നിന്നും കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല. 16-ാം മിനിറ്റിലാണ് ഇംഗ്ലണ്ടിന്റെ ആദ്യ അറ്റാക്ക് വരുന്നത്. പിന്നീട് 23-ാം മദുഎകെയുടെ ക്രോസിൽ നിന്ന് നിക്കോ ഒറെയ്‌ലിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഫസ്റ്റ് ടച്ച് പിഴച്ചു. അതൊരു ഗോൾ കിക്ക് മാത്രമായി.

ആദ്യ ഹൈഡ്രേഷൻ ബ്രേക്കിന് ശേഷം നോർവേ ആക്രമിച്ച് കളിക്കാനാരംഭിച്ചു. 33-ാം മിനിറ്റിൽ ബോക്‌സിൽ ഇംഗ്ലണ്ട് പ്രതിരോധത്തിന് സംഭവിച്ച പിഴവിൽ ഭാഗ്യം കൊണ്ടാണ് ഗോൾ വീഴാതിരുന്നത്. പന്ത് ബോക്‌സിലുണ്ടായിരുന്ന ഹാളണ്ടിന് ലഭിക്കും മുമ്പ് ജോർദാൻ പിക്‌ഫോർഡ് പിടിച്ചെടുത്തു.

36-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡറപ്പിലൂടെ നോർവേ മുന്നിലെത്തി. ഹാരി കെയ്‌നിൽ നിന്ന് പന്ത് തട്ടിയെടുത്ത ബെർഗയുടെ നീക്കമാണ് ഗോളിന് വഴിയൊരുക്കിയത്. ശേഷം പന്ത് ലഭിച്ച മാർട്ടിൻ ഒഡെഗാർഡ് അത് ഷെൽഡറപ്പിന് നീട്ടി. ബോക്‌സിന്റെ ഇടതു ഭാഗത്തുനിന്നുള്ള ഷെൽഡറപ്പിന്റെ ഇടംകാലനടി ഇംഗ്ലീഷ് ഗോളി ജോർദാൻ പിക്‌ഫോർഡിന്റെ കൈയിൽ തട്ടി വലയിൽ. തന്നെ ഫൗൾ ചെയ്‌തെന്ന് കെയ്ൻ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു.

പിന്നാലെ 44-ാം മിനിറ്റിലും നോർവേയ്ക്ക് ഒരു സുവർണാവസരം ലഭിച്ചതാണ്. ഇംഗ്ലണ്ട് ബോക്‌സിൽ ജോൺ സ്‌റ്റോൺസ് മാത്രം ശേഷിക്കേ അലക്‌സാണ്ടർ സോർലോത്ത് പന്തുമായി മുന്നേറുകയായിരുന്നു. സോർലോത്തിന് പന്ത് ഹാളണ്ടിന് പാസ് ചെയ്യാൻ ധാരാളം സമയമുണ്ടായിരുന്നെങ്കിലും ചെയ്തില്ല. ഒറ്റയ്ക്ക് ബോക്‌സിലേക്ക് കയറിയ സോർലോത്തിന്റെ ഷോട്ട് സ്‌റ്റോൺസ് കൃത്യമായി തടയുകയും ചെയ്തു.

മത്സരം ആദ്യ പകുതിയുടെ ഇൻജുറി ടൈമിലേക്ക് കടന്നതോടെ ഇംഗ്ലണ്ട് ഗോൾ തിരിച്ചടിക്കാനുള്ള വ്യഗ്രതയിലായിരുന്നു. ആന്തണി ഗോർഡന്റെ ഒരു നീക്കം ഫലം കാണുകയും ചെയ്തു. പന്തുമായി മുന്നേറി ഗോർഡൻ നൽകിയ ക്രോസ് ബെല്ലിങ്ങാം വലയിലെത്തിച്ചു. ഇംഗ്ലണ്ട് ഒപ്പത്തിനൊപ്പം. പിന്നാലെ ബെല്ലിങ്ങാമിന്റെ പാസിൽ നിന്ന് ഹാരി കെയ്ൻ ഒരു ലോബിലൂടെ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി.

രണ്ടാം പകുതി ഇംഗ്ലണ്ട് തുടങ്ങിയതു തന്നെ പോസ്റ്റീവായിട്ടായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മികച്ച നീക്കങ്ങൾ ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്നുണ്ടായി.

55-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് നോർവേ സ്‌കോർ ചെയ്‌തെങ്കിലും ഗോൾ നിഷേധിക്കപ്പെട്ടു. കോർണറിനിടെ ഹാളണ്ട് ഇംഗ്ലീഷ് താരം ജോൺ സ്‌റ്റോൺസിനെ തള്ളിയിട്ടതിനെ തുടർന്നായിരുന്നു ഇത്. റഫറി ക്ലെമന്റ് ടർപിൻ മോണിറ്ററിൽ റീപ്ലേ കണ്ടാണ് ഗോൾ നിഷേധിച്ചത്.

മത്സരം 70-ാം മിനിറ്റ് പിന്നിട്ടതിനു പിന്നാലെ നോർവേയുടെ ഭാഗത്തു നിന്നും ഒന്നിനു പിറകെ ഒന്നായി ആക്രമണങ്ങൾ വന്നു. 76-ാം മിനിറ്റിൽ അവർ ഗോളിനടുത്തെത്തിയെങ്കിലും ക്രോസ് ബാർ തടസമായി. ഒർസൻസ് എടുത്ത കോർണറിൽ നിന്നുള്ള അയെറിന്റെ ഹെഡർ ക്രോസ്ബാറിലിടിച്ച് മടങ്ങുകയായിരുന്നു.

93-ാം മിനിറ്റിൽ ബെല്ലിങ്ങാമിലൂടെ ഇംഗ്ലണ്ട് രണ്ടാം ഗോൾ നേടി. പകരക്കാരനായി എത്തിയ മോർഗൻ റോജേഴ്‌സിന്റെ ഷോട്ട് പിടിച്ചെടുക്കുന്നതിൽ നോർവേ ഗോളി ഓർഹാൻ നീലാൻഡിന് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. നീലാൻഡിന്റെ കൈയിൽ തട്ടി മുന്നിലേക്കുവന്ന പന്ത് ഒട്ടും സമയം കളയാതെ ബെല്ലിങ്ങാം വലയിലാക്കി. മത്സരത്തിൽ താരത്തിന്റെ രണ്ടാം ഗോൾ. ഈ ലോകകപ്പിൽ താരത്തിന്റെ അഞ്ചാം ഗോളും.

99-ാം മിനിറ്റിൽ സ്‌പെൻസിനെ ഓസ്‌കാർ ബോബ് ബോക്‌സിൽ വീഴ്ത്തിയതിന് റഫറി ഇംഗ്ലണ്ടിന് അനുകൂലമായി ആദ്യം പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ ഫൗളല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പെനാൽറ്റി നിഷേധിച്ചു.

എക്‌സ്ട്രാ ടൈമിൽ വീണ്ടും ഇംഗ്ലണ്ട് ഗോളിനടുത്തെത്തിയെങ്കിലും നോർവേ ഗോളി ഓർഹാൻ നീലാൻഡിന്റെ ഇടപെടൽ നിർണായകമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News