ബട്ട്ലറും ബ്രൂക്കും തകർത്തടിച്ചു, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോൽവി തന്നെ

ബട്ട്ലറും ബ്രൂക്കും ചേർന്ന് കശക്കി, ഇന്ത്യയ്ക്ക് സമ്പൂർണ തോൽവി, ഇത്തവണ പക്ഷേ പൊരുതി

സതാംപ്ടൺ: അയർലൻഡിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ഇന്ത്യയ്ക്ക് സമ്പൂർണ തോൽവി. അഞ്ചു മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ശേഷിച്ച നാല് മത്സരങ്ങളിലും ഇന്ത്യ തോറ്റു. പരമ്പര ഇതോടെ ഇംഗ്ലണ്ട് തൂത്തുവാരി (4-0).

അഞ്ചാമത്തെയും അവസാനത്തെയും ടി20-യിൽ 56 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇത്തവണ പക്ഷേ ഇന്ത്യൻ ബാറ്റിങ് നിര പൊരുതി നോക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 257 റൺസെന്ന വമ്പൻ സ്‌കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഇഷാൻ കിഷനും തിലക് വർമയും ഇന്ത്യയ്ക്കായി അർധ സെഞ്ചുറി നേടി. കഴിഞ്ഞ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ വൈഭവ് സൂര്യവംശിക്ക് പകരം സഞ്ജു സാംസണെ തിരികെ ടീമിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മികച്ച തുടക്കം ടീമിന് സമ്മാനിക്കാൻ സഞ്ജുവിനായി. 14 പന്തുകൾ നേരിട്ട സഞ്ജു രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 27 റൺസെടുത്തു. അഭിഷേക് ശർമ (അഞ്ചു പന്തിൽ 3) ഇത്തവണയും നിരാശപ്പെടുത്തി.

35 പന്തിൽ നിന്ന് 56 റൺസെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രണ്ട് സിക്‌സും ഏഴ് ഫോറുമടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്‌സ്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 16 പന്തിൽ നിന്ന് 28 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ തിലക് വർമയുടെ ഇന്നിങ്‌സും ടീമിനെ വിജയത്തിലെത്തിക്കാൻ പോന്നതായിരുന്നില്ല. 25 പന്തുകൾ നേരിട്ട തിലക് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 53 റൺസ് നേടി. ശിവം ദുബെയ്ക്ക് 14 റൺസ് മാത്രമെടുക്കാനേ സാധിച്ചുള്ളൂ. ഇംഗ്ലണ്ടിനായി സാം കറൻ മൂന്നു വിക്കറ്റ് വീഴ്ത്തി. ആദിൽ റഷീദ് രണ്ടു വിക്കറ്റെടുത്തു.

നേരത്തേ റെക്കോഡുകൾ ഭേദിച്ച ജോസ് ബട്ട്‌ലർ – ക്യാപ്റ്റൻ ഹാരി ബ്രൂക്ക് സഖ്യത്തിന്റെ മികവിലാണ് ഇംഗ്ലണ്ട് വമ്പൻ സ്‌കോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ നിശ്ചിത 20 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. ടി20-യിൽ ഇംഗ്ലണ്ടിന്റെ ഇന്ത്യക്കെതിരായ ഏറ്റവും വലിയ ടോട്ടലാണിത്. രണ്ടാം വിക്കറ്റിൽ 102 പന്തിൽ നിന്ന് 233 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ടി20-യിൽ ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ഒരു കൂട്ടുകെട്ട് 233 റൺസിലെത്തുന്നത്. ടി20 ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൂട്ടുകെട്ടുമാണിത്. സഞ്ജു സാംസൺ – തിലക് വർമ സഖ്യത്തിന്റെ 210 റൺസ് കൂട്ടുകെട്ടിന്റെ റെക്കോഡാണ് ഇംഗ്ലീഷ് സഖ്യം മറികടന്നത്. ബട്ട്ലർ സെഞ്ചുറി നേടിയപ്പോൾ ബ്രൂക്ക് പുറത്താവാതെ 95 റൺസെടുത്തു.

ടീം ഇന്ത്യ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതിനാൽ അരമണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ രണ്ടാം ഓവറിൽ ഓപ്പണർ ഫിൽ സാൾട്ട് (9 പന്തിൽ 6 റൺസ്) പുറത്തായതൊഴിച്ചാൽ, ഇംഗ്ലണ്ടിനായിരുന്നു മത്സരത്തിലുടനീളം മേൽക്കൈ. പിന്നീടെത്തിയ ഹാരി ബ്രൂക്കും ബട്ലറും ചേർന്ന് ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു.

51 പന്തിൽ സെഞ്ചുറി നേടിയ ബട്ട്‌ലർ, തുടർന്നും തന്റെ തേരോട്ടം തുടർന്നു. 64 പന്തിൽ 131 റൺസെടുത്ത ശേഷമാണ് ബട്ട്‌ലർ മടങ്ങിയത്. ടി20-യിൽ മുൻപ് 141* റൺസ് നേടിയ ഫിൽ സാൾട്ട് മാത്രമാണ് വ്യക്തിഗത സ്‌കോറിൽ ഇനി ബട്ട്‌ലറിന് മുന്നിലുള്ള ഇംഗ്ലണ്ട് താരം. എട്ടു സിക്സും 12 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ശിവം ദുബെ എറിഞ്ഞ 19-ാം ഓവറിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകിയാണ് മടക്കം.

19 പന്തിൽ നിന്നായിരുന്നു ഹാരി ബ്രൂക്കിന്റെ അർധ സെഞ്ചുറി. 45 പന്തുകളിൽനിന്ന് 95* റൺസ് നേടിയ താരം അവസാന ഓവറിൽ സെഞ്ചുറിക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രിൻസ് യാദവിന്റെ പന്തുകളെ അതിനായി ഉപയോഗപ്പെടുത്താനായില്ല. ഇതിനിടെ കൂറ്റനടിക്കുള്ള ഒരു ശ്രമത്തിനിടെ ക്യാച്ച് വിട്ട് ഇഷാൻ കിഷൻ ബ്രൂക്കിന്റെ വിക്കറ്റ് നേടാനുള്ള അവസരം ആ ഓവറിൽ നഷ്ടപ്പെടുത്തി. എട്ട് സിക്സും നാല് ബൗണ്ടറിയുമുണ്ട് ബ്രൂക്കിന്റെ ഇന്നിങ്സിൽ.

ബട്ട്ലർ പുറത്തായതിനു പിന്നാലെയെത്തിയ ജേക്കബ് ബെതൽ ആദ്യ പന്തിൽതന്നെ തിലക് വർമയ്ക്ക് ക്യാച്ച് നൽകി തിരികെ മടങ്ങി. ദുബെയ്ക്കുതന്നെയാണ് വിക്കറ്റ്. തുടർന്നെത്തിയ വിൽ ജാക്സ് ആദ്യപന്തിൽ സിക്സടിച്ചു തുടങ്ങി ടീം സ്‌കോർ 250 കടത്തി. ഇന്ത്യൻ ബൗളർമാരിൽ അക്ഷർ പട്ടേലാണ് ഏറ്റവും കൂടുതൽ തല്ലുവാങ്ങിയത്. നാലോവറിൽ 63 റൺസ് വഴങ്ങിയപ്പോൾ പ്രിൻസ് യാദവ് അത്രതന്നെ ഓവറിൽ 60 റൺസ് വിട്ടുകൊടുത്തു. ശിവം ദുബെ ഒരോവറിൽ 22 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി. പ്രസിദ്ധ് കൃഷ്ണയ്ക്കാണ് മറ്റൊരു വിക്കറ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News