സതാംപ്ടൺ: ടി20 പരമ്പരയിലെ അവസാന മത്സരമെങ്കിലും ജയിച്ച് മുഖംരക്ഷിക്കാൻ ശ്രമിക്കുന്ന ഇന്ത്യക്ക് തിരിച്ചടിയായി ഇംഗ്ലണ്ടിന്റെ കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ നിശ്ചിത 20 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. ടി20-യിൽ ഇംഗ്ലണ്ടിന്റെ ഇന്ത്യക്കെതിരായ ഏറ്റവും വലിയ ടോട്ടലാണിത്. ഓപ്പണർ ജോസ് ബട്‌ലറും ക്യാപ്റ്റൻ ഹാരി ബ്രൂക്കും ചേർന്ന് ഇരുന്നൂറും കടന്ന് നടത്തിയ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് വമ്പൻ സ്‌കോർ സമ്മാനിച്ചത്. ടി20-യിൽ ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ഒരു കൂട്ടുകെട്ട് 233 റൺസിലെത്തുന്നത്. ട20 ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൂട്ടുകെട്ടുമാണിത്. ബട്‌ലർ സെഞ്ചുറി നേടിയപ്പോൾ ബ്രൂക്ക് പുറത്താവാതെ 95 റൺസെടുത്തു.
ടീം ഇന്ത്യ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതിനാൽ അരമണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ രണ്ടാം ഓവറിൽ ഓപ്പണർ ഫിൽ സാൾട്ട് (9 പന്തിൽ 6 റൺസ്) പുറത്തായതൊഴിച്ചാൽ, ഇംഗ്ലണ്ടിനായിരുന്നു മത്സരത്തിലുടനീളം മേൽക്കൈ. പിന്നീടെത്തിയ ഹാരി ബ്രൂക്കും ബട്‌ലറും ചേർന്ന് ഇന്ത്യൻ ബൗളർമാരെ ഒട്ടും മാർദവമില്ലാതെ പ്രഹരിച്ചു.
51 പന്തിൽ സെഞ്ചുറി നേടിയ ബട്‌ലർ, തുടർന്നും തന്റെ തേരോട്ടം തുടർന്നു. 64 പന്തിൽ 131 റൺസെടുത്ത ശേഷമാണ് ബട്‌ലർ മടങ്ങിയത്. ടി20-യിൽ മുൻപ് 141* റൺസ് നേടിയ ഫിൽ സാൾട്ട് മാത്രമാണ് വ്യക്തിഗത സ്കോറിൽ ഇനി ബട്ലറിന് മുന്നിലുള്ള ഇംഗ്ലണ്ട് താരം. എട്ടു സിക്‌സും 12 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്‌സ്. ശിവം ദുബെ എറിഞ്ഞ 19-ാം ഓവറിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകിയാണ് മടക്കം. ബട്‌ലറും ബ്രൂക്കും ചേർന്ന് രണ്ടാംവിക്കറ്റിൽ നടത്തിയ കൂട്ടുകെട്ട് 102 പന്തിൽനിന്ന് 233 റൺസ്!
19 പന്തിൽനിന്നായിരുന്നു ഹാരി ബ്രൂക്കിന്റെ അർധ സെഞ്ചുറി. 45പന്തുകളിൽനിന്ന് 95 റൺസ് നേടിയ താരം അവസാന ഓവറിൽ സെഞ്ചുറിക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രിൻസ് യാദവിന്റെ പന്തുകളെ അതിനായി ഉപയോഗപ്പെടുത്താനായില്ല. ഇതിനിടെ കൂറ്റനടിക്കുള്ള ഒരു ശ്രമത്തിനിടെ ക്യാച്ച് വിട്ട് ഇഷാൻ കിഷൻ ബ്രൂക്കിന്റെ വിക്കറ്റ് നേടാനുള്ള അവസരം ആ ഓവറിൽ നഷ്ടപ്പെടുത്തി. എട്ട് സിക്‌സും നാല് ബൗണ്ടറിയുമുണ്ട് ബ്രൂക്കിന്റെ ഇന്നിങ്‌സിൽ.
ബട്‌ലർ പുറത്തായതിനു പിന്നാലെയെത്തിയ ജേക്കബ് ബെതൽ ആദ്യ പന്തിൽതന്നെ തിലക് വർമയ്ക്ക് ക്യാച്ച് നൽകി തിരികെ മടങ്ങി. ദുബെയ്ക്കുതന്നെയാണ് വിക്കറ്റ്. തുടർന്നെത്തിയ വിൽ ജാക്‌സ് ആദ്യപന്തിൽ സിക്‌സടിച്ചു തുടങ്ങി ടീം സ്‌കോർ 250 കടത്തി. ഇന്ത്യൻ ബൗളർമാരിൽ അക്ഷർ പട്ടേലാണ് ഏറ്റവുംകൂടുതൽ തല്ലുവാങ്ങിയത്. നാലോവറിൽ 63 റൺസ് വഴങ്ങിയപ്പോൾ പ്രിൻസ് യാദവ് അത്രതന്നെ ഓവറിൽ 60 റൺസ് വിട്ടുകൊടുത്തു. ശിവം ദുബെ ഒരോവറിൽ 22 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി. പ്രസിദ്ധ് കൃഷ്ണയ്ക്കാണ് മറ്റൊരു വിക്കറ്റ്.


