തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്ന് മുതല്‍. ഈ മാസം 19 വരെ പത്രിക സമര്‍പ്പിക്കാം. ഭരണ സമിതികളുടെ കാലാവധി കഴിഞ്ഞതോടെ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലായി.
തദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ പത്രിക സമര്‍പ്പിക്കാം. ഈ മാസം 19 വരെ അവധി ദിവസങ്ങളില്‍ ഒഴികെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. ഇരുപതിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും.
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 23 ആണ്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ എട്ടിനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഡിസംബര്‍ പത്തിന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ പതിനാലിനാണ് മൂന്നാം ഘട്ടം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അവസാന ഘട്ടം.
ഡിസംബര്‍ 16 ന് വോട്ടെണ്ണല്‍ നടക്കും. പുതിയ ഭരണസമിതികള്‍ ഡിസംബര്‍ 23 ന് മുമ്പ് അധികാരമേല്‍ക്കും. അതുവരെ ഉദ്യോഗസ്ഥ ഭരണം തുടരും. കോര്‍പ്പറേഷനുകളുടേയും ജില്ലാ പഞ്ചായത്തുകളുടെ ചുമതല ജില്ലാ കളക്ടര്‍മാര്‍ക്കാണ്.