സ്‌റ്റോക്‌ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നുവിന്. വ്യക്തിപരമായ ഓര്‍മകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്‌കാരങ്ങളാണ് അവരുടെ കൃതികളെന്ന് നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി. സാഹിത്യ അധ്യാപികയായ അനീ എര്‍നുവിന്‍റെ മിക്കവാറും കൃതികള്‍ ആത്മകഥാപരമാണ്.
1974-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആത്മകഥാപരമായ നോവല്‍ ക്ലീന്‍ഡ് ഔട്ട് ആണ് ആദ്യ കൃതി. എ മാന്‍സ് പ്ലേയ്‌സ്, എ വുമണ്‍സ് സ്റ്റോറി, സിംപിള്‍ പാഷന്‍ തുടങ്ങിയ കൃതികള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. അനീ എര്‍നുവിന്‍റെ നിരവധി കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
സ്വന്തം ഓര്‍മ്മകളെ അവിശ്വസിക്കുന്ന ഓര്‍മ്മക്കുറിപ്പുകാരി എന്നാണ് അനീ എര്‍നു വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീത്വത്തിന്റെ സന്ദിഗ്ദ്ധതകളാണ് അവരുടെ എഴുത്തിനെ അടയാളപ്പെടുത്തുന്നതും വേറിട്ടതാക്കുന്നതും.
അതേസമയം ഈ വർഷത്തെ രസതന്ത്ര നോബേൽ പുരസ്കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഒരു വനിത അടക്കം 3 പേർക്കാണ് പുരസ്കാരം. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കാണ് അംഗീകാരം. രസതന്ത്രത്തെ കൂടുതൽ പ്രായോഗിക വത്കരിച്ചതിനാണ് ഇത്തവണത്തെ നോബേൽ പുരസ്കാരം. അമേരിക്കയിൽ നിന്നുള്ള കരോളിൻ ബെർട്ടോസി, ബാരി ഷാർപ്ലെസ്, ഡെൻമാര്‍ക്കുകാരനായ മോർട്ടൻ മെർദാൽ എന്നിവർ അംഗീകാരം പങ്കിടും.
ക്ലിക് കെമിസ്ട്രി എന്ന രസതന്ത്ര ശാഖയെ കൂടുതൽ പ്രയോഗ വത്കരിക്കുന്നതിൽ ഇവർ മുഖ്യ പങ്കുവഹിച്ചെന്ന് നൊബേൽ സമിതി വിലയിരുത്തി. ഇവരുടെ ഗവേഷണങ്ങൾ കാൻസർ ചികിത്സയ്ക്കും മരുന്ന് നിർമ്മാണത്തിലും ഏറെ ഉപകാരപ്പെടും.