29.5 C
Kottayam
Monday, May 6, 2024

സമാധാന നൊബേൽ: ബെലാറുസ് മനുഷ്യാവകാശ പ്രവർത്തകനും റഷ്യൻ, യുക്രൈൻ സംഘടനകൾക്കും

Must read

സ്റ്റോക്‌ഹോം: സമാധാന നൊബേല്‍ സമ്മാനം ബെലാറുസ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്‌സ്‌കിക്കും രണ്ട് സംഘടനകള്‍ക്കും. മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയല്‍ (റഷ്യ), യുസെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (യുക്രൈന്‍) എന്നീ സംഘടനകളാണ് ഇത്തവണത്തെ നൊബേല്‍ സമ്മാനം പങ്കിട്ടത്. മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇവരെ സമ്മാനത്തിനര്‍ഹമാക്കിയത്.

ബെലാറുസിലെ ജനാധിപത്യ മുന്നേറ്റങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അലിസ് ബിയാലിയാട്‌സ്‌കി. സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ ആള്‍ കൂടിയാണ് അദ്ദേഹം.

1987-ലാണ് റഷ്യന്‍ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍ സ്ഥാപിക്കപ്പെട്ടത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റഷ്യയിലെ ഏറ്റവും വലിയ സംഘടനയായി മെമ്മോറിയല്‍ വളര്‍ന്നു.

സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിലെ ഇരകളെക്കുറിച്ചുള്ള ഡോക്യുമെന്റേഷന്‍ കേന്ദ്രം സ്ഥാപിക്കുന്നതിനു പുറമേ, റഷ്യയിലെ രാഷ്ട്രീയ അടിച്ചമര്‍ത്തലുകളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും മെമ്മോറിയല്‍ വിവരങ്ങള്‍ സമാഹരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. റഷ്യയിലെ തടങ്കല്‍ കേന്ദ്രങ്ങളിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ചുള്ള വിവരങ്ങളുടെ ഏറ്റവും ആധികാരിക ഉറവിടമായി പില്‍ക്കാലത്ത് മെമ്മോറിയല്‍ വളര്‍ന്നു. തീവ്രവാദത്തെ ചെറുക്കുന്നതിലും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിലും സംഘടന ഇന്നും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു.

യുക്രൈനിലെ കീവില്‍ 2007-ലാണ് സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ് സ്ഥാപിക്കപ്പെട്ടത്. യുക്രൈനിലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിക്കുന്നതിനും ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു സംഘടന പ്രവര്‍ത്തിച്ചത്. യുക്രൈനെ സമ്പൂര്‍ണ ജനാധിപത്യ രാഷ്ട്രമാക്കി മാറ്റാനായി സര്‍ക്കാരിന് മേല്‍ സംഘടന നിരന്തരം സമ്മര്‍ദം ചെലുത്തി. യുക്രൈനെ നിയമവാഴ്ച ഭരിക്കുന്ന ഒരു സംസ്ഥാനമാക്കി വികസിപ്പിക്കുന്നതിനായി ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുമായി അഫിലിയേറ്റ് ചെയ്യണമെന്ന് സംഘടന നിരന്തരം വാദിച്ചിരുന്നു.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ യുക്രൈന്‍ ജനതയ്ക്ക് നേരെയുള്ള റഷ്യയുടെ യുദ്ധക്രൂരതകള്‍ പുറത്തുകൊണ്ടുവരുന്നതിലായി സംഘടനയുടെ ശ്രദ്ധ. യുദ്ധക്കുറ്റവാളികളെ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ചുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week