ന്യൂഡല്‍ഹി:ഒഡീഷയിലെ ബാലസോർ ജില്ലയിലുണ്ടായ ദാരുണമായ മൂന്ന് ട്രെയിൻ അപകടത്തെത്തുടർന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങളിലേക്ക് എല്ലാ ശ്രമങ്ങളും നയിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഇത് രാഷ്ട്രീയം പറയാനുള്ള സമയമല്ല, പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണെന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
ഒഡീഷ ട്രെയിൻ അപകടത്തിൽ 288 പേരുടെ ജീവൻ നഷ്‌ടമാവുകയും 900ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിന് പിന്നാലെ നിരവധി പ്രതിപക്ഷ പാർട്ടികളുടെ രാജി ആഹ്വാനത്തിനിടയിലാണ് റെയിൽവേ മന്ത്രിയുടെ പരാമർശം.
“ഞങ്ങളുടെ സംവിധാനം സുരക്ഷിതമാണെന്നും ഗുരുതരമായ അപകടമൊന്നും സംഭവിക്കില്ലെന്നും റെയിൽവേ മന്ത്രി ആവർത്തിച്ച് പറയുമ്പോഴും ഇത് എങ്ങനെ സംഭവിച്ചു? ലാൽ ബഹദൂർ ശാസ്ത്രി നേരത്തെ ഒരു ട്രെയിൻ അപകടത്തിന് പിന്നാലെ തന്റെ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ മന്ത്രിസഭയിൽ നിന്ന് ഇത് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, പക്ഷേ അദ്ദേഹത്തിന് (അശ്വിനി വൈഷ്‌ണവിന്) അൽപ്പം നാണക്കേട് തോന്നുന്നുണ്ടെങ്കിൽ അദ്ദേഹം രാജിവെക്കണം.” നേരത്തെ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പറഞ്ഞു.
ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാണ്ടൽ എക്‌സ്പ്രസ് എന്നീ രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. കൊൽക്കത്തയിൽ നിന്ന് 250 കിലോമീറ്റർ തെക്കും ഭുവനേശ്വറിന് 170 കിലോമീറ്റർ വടക്കുമായി ബാലസോറിലെ ബഹനാഗ ബസാർ സ്‌റ്റേഷന് സമീപം വെള്ളിയാഴ്‌ച വൈകീട്ട് 7 മണിയോടെയാണ് അപകടം നടന്നത്.
ശനിയാഴ്‌ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്‌ണവ്, ധർമേന്ദ്ര പ്രധാൻ എന്നിവർക്കൊപ്പം അപകടസ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.