കൊല്ലം: ക്ഷേത്ര പരിസരത്ത് കാവികൊടി സ്ഥാപിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. ക്ഷേത്രാചാരങ്ങള്‍ നടത്താനുള്ള നിയമപരമായ അധികാരമല്ലാതെ പതാകകളോ കൊടി തോരണങ്ങളോ സ്ഥാപിക്കാന്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളാണ് ക്ഷേത്രങ്ങള്‍. ഇവിടെ വിശുദ്ധിയും ബഹുമാനവും പരമപ്രധാനമാണ്. ഇത്തരം വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങള്‍കൊണ്ട് തകര്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു. കാവിക്കൊടി സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞതില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കൊല്ലം മുതുപിലാക്കാട് പാര്‍ത്ഥസാരഥി ഭക്തജനസമിതി പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പതാകയാണ് സ്ഥാപിക്കാന്‍ ശ്രമിച്ചതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് ക്ഷേത്രത്തില്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഹര്‍ജിക്കാര്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.