തിരുവനന്തപുരം:ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരച്ചടങ്ങിന് ഔദ്യോഗിക ബഹുമതിയുണ്ടാകില്ല. കുടുംബത്തിന്റെ ആഗ്രഹമനുസരിച്ച് ചടങ്ങുകള്‍ നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഔദ്യോഗിക ബഹുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം സര്‍ക്കാരിനെ അറിയിച്ചു. തീരുമാനം പിതാവിന്റെ അന്ത്യാഭിലാഷ പ്രകാരമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അഞ്ചര പതിറ്റാണ്ട് കര്‍മമണ്ഡലമായിരുന്ന തലസ്ഥാന നഗരിയില്‍ ഇനി ഉമ്മന്‍ചാണ്ടിയില്ല. വികാരനിര്‍ഭരമായാണ് തലസ്ഥാന നഗരവും തിരുവനന്തപുരം ജില്ലയും മുന്‍മുഖ്യമന്ത്രിയുടെ അവസാനയാത്രക്ക് ഒപ്പം നടക്കുന്നത്. തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസ് മുതല്‍ ആയിരങ്ങളാണ് പ്രിയനേതാവിന് വിടചൊല്ലാനെത്തിയത്.
അനേകം വാഹനങ്ങളുടെ അമ്പടിയോടെ മുന്നോട്ട് നീങ്ങിയ വിലാപയാത്രയുടെ ഭാഗമാകാനും ആദരാഞ്ജലി അര്‍പ്പിക്കാനും ആയിരങ്ങള്‍ റോഡിനിരുവശവും അണിനിരന്നു. 53 വര്‍ഷം സാമാജികനായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം നിയമസഭയ്ക്ക് മുന്നിലെത്തിയപ്പോള്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥരുള്‍പ്പെടെ സല്യൂട്ട് ചെയ്ത് ആദരം രേഖപ്പെടുത്തി.
സ്കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍വരെ ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനില്‍ക്കുന്ന കാഴ്ചയാണ് തിരുവനന്തപുരത്തിന്‍റെ തെരുവോരങ്ങളില്‍ കാണാനായത്.