പത്തനംതിട്ട: എസ്.ഡി.പി.ഐയുമായി യു.ഡി.എഫിന് ഒരു ധാരണയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അവരുമായി സംസാരിച്ചിട്ടില്ല. പിന്തുണയും ആവശ്യപ്പെട്ടിട്ടില്ല. തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുമായും യു.ഡി.എഫ് ചര്‍ച്ച നടത്തില്ലെന്നും വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പല കക്ഷികളും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഷ്ടമുള്ളവര്‍ വോട്ട് ചെയ്യും. ഫാസിസത്തെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂവെന്നും കോണ്‍ഗ്രസ് ഇല്ലെങ്കില്‍ മതേതര ശക്തികള്‍ പരാജയപ്പെടുമെന്നുമാണ് അവര്‍ പറഞ്ഞത്. അപ്പോള്‍ കോണ്‍ഗ്രസ് അതൊന്നും അല്ലെന്ന് പറയണോ. ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂ. അല്ലാതെ കേരളത്തില്‍ മത്സരിക്കുന്ന സി.പി.എമ്മിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ മത്സരിച്ച ആറ് തിരഞ്ഞെടുപ്പുകളിലും ജമാ അത്ത് ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണ നല്‍കിയത് എല്‍.ഡി.എഫിനാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാ അത്ത് ആസ്ഥാനത്ത് പോയി അമീറിനെ കണ്ടിട്ടുണ്ട്. അന്നെല്ലാം അവര്‍ മതേതര വാദികളായിരുന്നു. 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ അവര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി. അതോടെ അവര്‍ വര്‍ഗീയവാദികളായി. സി.പി.എമ്മാണോ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സി.പി.എമ്മിനൊപ്പമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.
തീവ്രവാദ നിലപാടുള്ള ഒരു കക്ഷികളുമായും ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. ചര്‍ച്ചയും നടത്തില്ല. സി.പി.എമ്മാണ് ആര്‍.എസ്.എസുമായൊക്കെ ചര്‍ച്ച നടത്തുന്നത്. മാസ്‌ക്കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണം. ഇല്ലെന്ന് പറഞ്ഞാല്‍ തെളിവ് തരാം. ആ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മധ്യസ്ഥനായിരുന്ന ശ്രീ എമ്മിന് സൗജന്യമായി നാല് ഏക്കര്‍ നല്‍കിയത്. സി.പി.എം- ബി.ജെ.പി നേതാക്കള്‍ തമ്മില്‍ ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ഉണ്ടെന്നത് ആദ്യം നിരസിച്ചെങ്കിലും പിന്നീട് കുടുംബാംഗംങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നടപടികളാണ്. 2016 മുതല്‍ 2021 വരെ അധികാരത്തിലുണ്ടായിരുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ മിസ്മാനേജ്മെന്റാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. 2020 മുതല്‍ പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങളാണ് സുപ്രീംകോടതി ശരി വച്ചിരിക്കുന്നതെന്നും വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കിഫ്ബി നിയമം തോമസ് ഐസക് കൊണ്ടുവന്നപ്പോള്‍, ബജറ്റിന് പുറത്ത് കടം വാങ്ങാന്‍ പാടില്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും പ്രതിപക്ഷം നല്‍കിയ മുന്നറിയിപ്പ് ഇന്ന് സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 56700 രൂപ കിട്ടാനുണ്ടെന്നും അതിനു വേണ്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസില്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചത്.
എന്നാല്‍ 56700 കോടി കിട്ടാനുണ്ടെന്നത് സംബന്ധിച്ച ഒരു വാദവും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചില്ല. കടമെടുക്കാനുള്ള പരിധി മാറ്റണമെന്നും കടമെടുപ്പിനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നുമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. നാല് ലക്ഷം കോടി രൂപയുടെ പൊതുകടത്തിലേക്ക് കൂപ്പ് കുത്തിയ കേരളം വീണ്ടും കടമെടുത്താലുള്ള അവസ്ഥ എന്തായിരിക്കുമെന്നും വി.ഡി സതീശന്‍ ചോദിച്ചു.