KeralaNews

നിരക്കുവർധന ‘200–250 യൂണിറ്റ് ഉപയോഗത്തിന് വൻ തോതില്‍ വേണ്ട’: റഗുലേറ്ററി കമ്മിഷനോട് വൈദ്യുതി ബോർഡ്

തിരുവനന്തപുരം: മാസം 200 യൂണിറ്റ് മുതൽ 250 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാ‍ർഹിക ഉപയോക്താക്കൾക്ക് നേരത്തേ ആവശ്യപ്പെട്ട നിരക്കു വർധനയിൽ കുറവു വരുത്തണമെന്നും മാസം 250നു മുകളിൽ 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നേരത്തേ ആവശ്യപ്പെട്ടതിനെക്കാൾ കൂടിയ നിരക്ക് ചുമത്തണമെന്നും റഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പിൽ വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടു.

മാസം 200 മുതൽ 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് സ്ലാബിന്റെ ആനുകൂല്യം എടുത്തു കളയുകയും ഉപയോഗിക്കുന്ന മുഴുവൻ വൈദ്യുതിക്കും യൂണിറ്റിന് 6.50 രൂപ വില ഈടാക്കുകയും വേണമെന്നാണ് ബോർഡ് നേരത്തേ ആവശ്യപ്പെട്ടിരുന്നത്. സ്ലാബിന്റെ ആനുകൂല്യം ഉണ്ടായിരുന്നപ്പോൾ ഇവരുടെ ശരാശരി നിരക്ക് 5.10 രൂപ ആയിരുന്നു. ഇത് 5.50 ആയി വർധിപ്പിച്ചാൽ മതിയെന്നാണ് ബോർഡിന്റെ പുതിയ ആവശ്യം. 

മാസം 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഉപയോഗിക്കുന്ന മുഴുവൻ വൈദ്യുതിക്കും യൂണിറ്റിന് 7.60 രൂപ നിരക്ക് ചുമത്തണം എന്നാണ് ബോർഡ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. 250 യൂണിറ്റ് വരെയുള്ളവർക്ക് ഇളവ് നൽകുന്നതിന്റെ നഷ്ടം നികത്താനായി ഇവരുടെ നിരക്ക് 8 രൂപയായി വർധിപ്പിക്കണം എന്നാണ് ഇപ്പോഴത്തെ ആവശ്യം. അടുത്ത നാലു വർഷത്തെ വൈദ്യുതി നിരക്ക് തീരുമാനിക്കുന്നതു സംബന്ധിച്ച റഗുലേറ്ററി കമ്മിഷന്റെ അന്തിമ തെളിവെടുപ്പ് നാളെ തിരുവനന്തപുരത്ത് നടക്കും.

കോഴിക്കോട്, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെളിവെടുപ്പുകളിൽ വൈദ്യുതി ബോർഡും ഉപയോക്താക്കളും പല ആവശ്യങ്ങളും കമ്മിഷൻ മുൻപാകെ ഉന്നയിച്ചിരുന്നു. ഇനിയും എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കിൽ  നാളെ നടക്കുന്ന തെളിവെടുപ്പിൽ അറിയിക്കണമെന്നു ബോർഡിനോട് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുവരെ ബോർഡ് ആവശ്യപ്പെട്ട മറ്റു കാര്യങ്ങൾ:

∙ പാരമ്പര്യേതര ഊർജം മാത്രം മതി എന്ന് നിർബന്ധമുള്ള ഉപയോക്താക്കൾക്ക് നിലവിലുള്ള നിരക്കിനു പുറമേ യൂണിറ്റിന് 2.54 രൂപ ഗ്രീൻ താരിഫ് ആയി ചുമത്തണം.

∙ സമയത്തിന്റെ അടിസ്ഥാനത്തിൽ നിരക്ക് നിശ്ചയിക്കുന്ന രീതി (ടിഒഡി) അനുസരിച്ച്  രാത്രി 10 മുതൽ രാവിലെ ആറു വരെ സാധാരണ നിരക്കിന്റെ 75% മാത്രമേ ഈടാക്കുന്നുള്ളൂ. 

ഇത് 90% ആയി ഉയർത്തണം എന്നാണ് ബോർഡിന്റെ പുതിയ ആവശ്യം.

∙ തുടർച്ചയായി പ്രവർത്തിക്കുന്ന വ്യവസായങ്ങൾ, പകൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിലവിലുള്ള നിരക്കിന്റെ 95% നൽകിയാൽ മതി.

ഉപയോക്താക്കളുടെ ആവശ്യങ്ങൾ

∙  രാത്രിയിലെ ടിഒഡി നിരക്ക് 15% വർധിപ്പിച്ചാൽ അതിന് അനുസരിച്ച് പകലത്തെ ഇളവും കൂട്ടണം. 5% ഇളവ് മതിയാവില്ല.

∙ തുണി മില്ലുകൾ,പത്ര വ്യവസായം എന്നിവ പ്രതിസന്ധി നേരിടുന്നതിനാൽ നിരക്ക് വർധന ഒഴിവാക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button