ഇടുക്കി: കൊവിഡ് പ്രതിരോധത്തില്‍ മാതൃക തീര്‍ത്ത് ഇടുക്കി ഇടമലക്കുടി പഞ്ചായത്ത്. ഒന്നര വര്‍ഷമായി ഇടമലക്കുടിയില്‍ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി.
സെല്‍ഫ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ പഞ്ചായത്താണ് ഇവിടം. കൊവിഡിന്റെ ആദ്യ തരംഗത്തില്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ക്ക് ഇപ്പോഴും ഒരയവും വരുത്തിയിട്ടില്ല. തെരഞ്ഞെടുപ്പും ഉത്സവങ്ങളും എല്ലാം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രം നടത്തുന്നു. പഞ്ചായത്തും ഊരുമൂപ്പന്മാരും ചേര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ഇരുപത്തിയാറ് കുടികളിലായി മൂവായിരത്തോളം പേരാണ് ഇടമലക്കുടിയിലുള്ളത്. ഇവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ഒരാള്‍ക്ക് പുറത്ത് പോകാം. കുടിയില്‍ തിരികെ എത്തിയതിനു ശേഷം ഇയാള്‍ നിര്‍ബന്ധമായും രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണം.
പുറത്ത് നിന്ന് മറ്റാര്‍ക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. ആധുനിക സൗകര്യങ്ങള്‍ ഒന്നുമില്ലാതെ പരിമിതികള്‍ ഉള്ളില്‍ നിന്ന് ഒന്നര വര്‍ഷമായി കൊവിഡിനെ അകറ്റി നിര്‍ത്തിയ ഇടമലക്കുടി മോഡല്‍ കൈയടി അര്‍ഹിക്കുന്നതാണ്.