ന്യൂഡല്‍ഹി: രാജ്യം കൊവിഡിന്റെ പിടിയിലമരുമ്പോള്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ നാല് സംസ്ഥാനങ്ങള്‍ മാതൃകയാവുന്നു. മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളില്‍ ഒറ്റ കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടക്കുകയും മരണം 15,000 കടക്കുകയും ചെയ്ത് സാഹചര്യത്തിലാണ് നാല് സംസ്ഥാനങ്ങള്‍ പ്രതിരോധ കോട്ട ഉയര്‍ത്തുന്നത്.
വടക്കുകിഴക്കന്‍ മേഖലയിലെ കേസുകളുടെ എണ്ണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു കുറവാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കൊറോണ വൈറസിനെ നേരിടാന്‍ പരിശോധനാ സൗകര്യങ്ങളും കൊവിഡ് ആശുപത്രികളും തുടക്കത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ രോഗവ്യാപനം ഏറിയതോടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തി.
വടക്കുകിഴക്കന്‍ മേഖലയിലെ ആകെ കൊവിഡ് മരണം 12 ആണ്. ഇവിടങ്ങളില്‍ 3731 സജീവ കേസുകളേയുള്ളൂ. ഇതിനേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടിയവര്‍. 5715 പേര്‍ക്കാണു രോഗമുക്തിയുണ്ടായത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 5,08,953 ആയി. ഇതില്‍ 1,97,387 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 2,95,881 പേര്‍ക്ക് രോഗം ഭേദമായി.
24 മണിക്കൂറിനിടെ രാജ്യത്ത് 384 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണം 15,685 ആയി ഉയര്‍ന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഹരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് 1,52,765 ആയപ്പോള്‍ രോഗബാധമൂലം 7106 മരിച്ചു. ഡല്‍ഹിയില്‍ 77,240 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2492 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 74,622 പേര്‍ക്ക് രോഗവും 957 മരണവും റിപ്പോര്‍ട്ട് ചെയ്തു. 30095 പേര്‍ക്ക് കോവിഡ് കണ്ടെത്തിയ ഗുജറാത്തില്‍ 1771 പേരാണ് മരിച്ചത്.