ഭാര്യയുള്ള കാര്യം മറച്ച് വീണ്ടും വിവാഹം കഴിച്ചു; തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യാഭവനില്‍ ആര്യാദേവനെ (23) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിലാണ് ഭര്‍ത്താവായ തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലെയ്‌നില്‍ വത്സലാഭവനില്‍ പ്രദീപ് (രാജേഷ് കുമാര്‍-32) നെ പോലീസ് അറസ്റ്റുചെയ്തത്.

ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. ഒരു വയസ്സു പ്രായമുള്ള യുവതിയുടെ ഇരട്ടക്കുട്ടികളുടെ കരച്ചില്‍ കേട്ട് അമ്മയും സഹോദരിയും വാതിലില്‍ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ പൊളിച്ച് നോക്കുമ്പോഴാണ് ബോധരഹിതയായ നിലയില്‍ ആര്യയെ കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.

മരിച്ച ആര്യയെ വിവാഹം കഴിക്കുമ്പോള്‍ രാജേഷിന് മറ്റൊരു ഭാര്യയും മക്കളുമുണ്ടായിരുന്നു. ഇത് മറച്ചു വച്ചായിരുന്നു വിവാഹം. അതിന്റെ പേരില്‍ ഇരുവരും തമ്മില്‍ നിത്യവും കലഹം പതിവായിരിന്നു. തുടര്‍ന്ന് രാജേഷുമായി പിണക്കത്തിലായ ആര്യ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ ആഴ്ചകള്‍ക്കു മുന്‍പ് രാജേഷ് രാത്രിയില്‍ ആര്യയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു ബഹളം വച്ചെതായി യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. നിരന്തരം ഫോണില്‍കൂടി പണം ചോദിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഒരു സ്ത്രീയുമായി നിയമപരമായി ബന്ധം നിലനില്‍ക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News