കോട്ടയം: നിതിനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തത്. നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുള്ളതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെയാണ് പാല സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന മോള്‍ സഹപാഠിയായ അഭിഷേകിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഭിഷേക് കഴുത്തറുക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിതിന മരിച്ചു.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് കൊലയെന്നായിരുന്നു അഭിഷേകിന്റെ മൊഴി. നിതിനയെ കൊലപ്പെടുത്താന്‍ കരുതിക്കൂട്ടിയാണ് അഭിഷേക് എത്തിയതെന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുന്‍പ് അഭിഷേക് മൂര്‍ച്ചയുള്ള ബ്ലേഡ് വാങ്ങി കരുതിയത് നിതിനയെ കൊലപ്പെടുത്താനാണെന്നാണ് പൊലീസ് പറയുന്നത്.
എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്ന നിതിനയുടെ മരണം നാടിനെ ആകെ ഞെട്ടിച്ചിരുന്നു. ഇന്ന് രാവിലെയാണ് നിതിനയുടെ മൃതദേഹം പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് മൃതദേഹം സ്വദേശമായ തലയോലപ്പറമ്പ് എത്തിച്ചു. ഇവിടെ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വച്ച ശേഷം തുറവേലിക്കുന്നിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെയാണ് സംസ്‌കാരം നടക്കുക.
അതേസമയം, നിതിനയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്നാണ് പോലീസ് നിഗമനം. നിതിനയെ കൊലപ്പെടുത്താന്‍ പുതിയ ബ്ലേഡ് വാങ്ങിയതായി പ്രതി അഭിഷേക് മൊഴി നല്‍കി. ഒരാഴ്ച മുമ്പ് കൂത്താട്ടുകുളത്തെ കടയില്‍നിന്നാണ് ബ്ലേഡ് വാങ്ങിയത്. ഈ കടയില്‍ അടക്കം പോലീസ് തെളിവെടുപ്പ് നടത്തും.
പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിയെ പാലാ സെന്റ് തോമസ് കോളജിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മയ്ക്കും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് നടപടി തുടങ്ങി.