കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ക്യാമ്പസിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധിച്ചതിന് ദളിത് വിദ്യാർത്ഥിയെ സസ്പെൻ്റ് ചെയ്തതിൽ എൻ.ഐ.ടിയിൽ വ്യാപക വിദ്യാർത്ഥി പ്രതിഷേധം.
വിദ്യാർത്ഥിയുടെ സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ക്യാമ്പസിൽ ശക്തമായ സമരം നടത്തുമെന്ന് വിദ്യാർത്ഥി സംഘടനകളായ കെ.എസ്.യു, ഫ്രറ്റേണിറ്റി അടക്കമുള്ളവ അറിയിച്ചു.
സസ്പെൻഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി എൻ.ഐ.ടിയിലെ വിദ്യാർത്ഥി സംഘടനകൾ ചേർന്ന സംയുക്ത യോഗത്തിലാണ് തീരുമാനം.ക്യാമ്പസിന് പുറത്ത് ഇന്ത്യയുടെ ഭൂപടം പ്രദർശിപ്പിച്ചുകൊണ്ട് കെ.എസ്.യു എൻ.ഐ.ടി അധികൃതർക്കെതിരെ പ്രതിഷേധം നടത്തുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യ മതേതര രാഷ്ട്രമാണെന്നും ഇവിടെ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടപ്പിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ടെന്നും വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം വിദ്യാർത്ഥിയുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് എൻ.ഐ.ടി അധികൃതർ അറിയിച്ചു.
ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചത് കൂടാതെ ക്യാമ്പസിൽ എസ്.എൻ.എസ് എന്ന ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘപരിവാർ അനുകൂല പ്രചരണം സംഘടിപ്പിക്കുകയും ജയ്ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻസ് നാലാം വർഷ വിദ്യാർത്ഥി, ‘ഇന്ത്യ രാമരാജ്യം അല്ല മതേതര രാജ്യമാണ്’ എന്ന പ്ലക്കാർഡുകളുമായി പ്രതിഷേധം നടത്തി.
തുടർന്ന് ക്യാമ്പസിലെ സംഘപരിവാർ നിലപാടിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ രംഗത്തുവരികയും ക്യാമ്പസിൽ സംഘർഷാവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു. വിദ്യാർത്ഥി യൂണിയൻ പ്രതിനിധി കൈലാഷ്, നാലാം വർഷം വിദ്യാർത്ഥി വൈശാഖ് എന്നിവർക്ക് മർദനം ഏൽക്കുകയും ചെയ്തിരുന്നു.