തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനെ ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്‍റെ ആലോചനയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇക്കാര്യം പരിഗണനയിലാണെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി. എൻ ഐ ആർ എഫ് റാങ്കിങ്ങിൽ രാജ്യത്ത് 24 ാം സ്ഥാനവും കേരളത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ കോളേജിനെ ആദരിക്കാൻ പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോളേജിലെ പി ഡബ്ല്യു ഡി കെട്ടിടത്തിന്‍റെ നിർമാണം നാക്ക് അധികൃതരുടെ പരിശോധനയ്ക്ക് മുമ്പ് പൂർത്തിയാക്കാൻ പറ്റുമോ എന്നറിയാൻ പ്രത്യേഗ യോഗം വിളിക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.
ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിലാണ് കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിം വർക്കിന്റെ (എൻ ഐ ആർ എഫ്) റാങ്ക് പട്ടികയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് തിളക്കമുള്ള നേട്ടം സ്വന്തമാക്കിയത്. റാങ്ക് പട്ടികയിൽ 24ാം സ്ഥാനമാണ് യൂണിവേഴ്സിറ്റി കോളേജ് സ്വന്തമാക്കിയത്. ദേശീയ തലത്തിലാണ് യൂണിവേഴ്സിറ്റി കോളജിന് ഇരുപത്തി നാലാം സ്ഥാനം ലഭിച്ചത്.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എൻ ഐ ആർ എഫ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിങ് സ്ഥിരമായി നിശ്ചയിക്കുന്ന സംവിധാനമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് ഇത് തുടർച്ചയായി മൂന്നാം തവണയാണ് ദേശീയ അംഗീകാരം ലഭിക്കുന്നത്. കേരളത്തിലെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കിയെന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്‍റെ നേട്ടത്തിന് തിളക്കമേകുന്നു.