നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിംഗ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഇതോടെ കേസിലെ രണ്ടാം പ്രതിയായ മുകേഷ് സിംഗിന്റെ വധശിക്ഷ ഉറപ്പായി. ഇന്നലെ രാത്രിയാണ് കേന്ദ്ര സര്‍ക്കാര്‍ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതിക്ക് കൈമാറിയത്. തള്ളണമെന്ന ശിപാര്‍ശയോടെയായിരുന്നു ഹര്‍ജി കൈമാറിയത്. തീരുമാനമെടുക്കാന്‍ കാലതാമസം വരുത്താതെ രാവിലെ തന്നെ രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയായിരിന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങേണ്ടതുണ്ട്. പ്രതിയായ വിനയ് ശര്‍മയുടേയും മുകേഷ് സിംഗിന്റെയും തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദയാഹര്‍ജി നല്‍കിയത്. നേരത്തെ മുകേഷ് സിംഗിന്റെ ദയാഹര്‍ജി തള്ളണമെന്ന് ലഫ്. ഗവര്‍ണര്‍ ശിപാര്‍ശ ചെയ്തിരുന്നു. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി പുതിയ തീയതി അടക്കം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് ഡല്‍ഹി കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ദയാഹര്‍ജി നല്‍കിയത് ചൂണ്ടിക്കാട്ടി വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.