തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ട ഒന്‍പതാം ക്ലാസുകാരന്‍ കളിച്ച് നഷ്ടപ്പെടുത്തിയത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാര്‍ സൂക്ഷിച്ച നാല് ലക്ഷം രൂപ. പണം മുഴുവന്‍ നഷ്ടപ്പെട്ടത് മാതാപിതാക്കള്‍ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനു ശേഷം മാത്രം. കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാദിച്ച തുകയാണ് നഷ്ടമായത്.
വിവാഹം അടുത്തപ്പോള്‍ തുക പിന്‍വലിക്കാന്‍ ബാങ്കില്‍ ചെന്നപ്പോഴാണ് ഒരു പൈസ പോലും ഇല്ലെന്ന് മനസിലായത്. ബാങ്ക് അധികൃതര്‍ കൈമലര്‍ത്തി. പണം പല അക്കൗണ്ടുകളിലേക്കായി പോയതിന്റെ രേഖകള്‍ അവരുടെ കൈവശമുണ്ടായിരുന്നു. ഈ രേഖകളുമായി മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചു. പണം ആരൊക്കെയാണ് പിന്‍വലിക്കുന്നതെന്ന് പോലീസ് പരിശോധിച്ചപ്പോള്‍ പല അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് മനസിലായി.
ഒന്‍പതാം ക്ലാസുകാരന്‍ തന്നെയാണ് തുക മാറ്റിയതെന്നും വ്യക്തമാക്കി. പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ത്ഥിക്ക് വീട്ടുകാര്‍ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഇതില്‍ ഉപയോഗിച്ചിരുന്നത് അമ്മയുടെ പേരിലുള്ള സിം കാര്‍ഡാണ്. ഈ നമ്പര്‍ തന്നെയാണ് ബാങ്ക് അക്കൗണ്ടിലും നല്‍കിയിരുന്നത്.
ബാങ്കില്‍ നിന്നുള്ള മെസേജുകള്‍ വിദ്യാര്‍ത്ഥിയുടെ തന്നെ ഫോണിലേക്കാണ് വന്നത് എന്നതിനാല്‍ മറ്റാരും ഇതറിഞ്ഞില്ല. ഇങ്ങനെ തുക മുഴുവന്‍ ചോര്‍ന്നു പോയി. അബദ്ധം പറ്റിയ ഒന്‍പതാം ക്ലാസുകാരന് പോലീസ് തന്നെ കൗണ്‍സിലിങ് ഏര്‍പ്പെടുത്തി.