യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമങ്ങള്‍ ഉര്‍ജിതം. നിമിഷപ്രിയ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന യെമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് രക്തധനം നല്‍കി ഒത്തു തീര്‍പ്പിലെത്താമോ എന്ന പരിശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനായി നാലു കോടിയോളം രൂപ സമാഹരിക്കാനുള്ള പ്രചാരണ പരിപാടികളാണ് നടന്നു വരുന്നത്.
ഇതിനകം നിരവധിപ്പേര്‍ ചെറിയ തുകകള്‍ നല്‍കാമെന്ന വാഗ്ദാനവുമായി മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും വലിയ തുക കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളെ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ഥിച്ചിരുന്നു. പലരും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കുന്നതിനായി വലിയ ശ്രമങ്ങളാണ് സേവ് നിമിഷപ്രിയ എന്ന പേരില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള അഭിഭാഷകന്റെയും എംബസിയുടെയും സഹായത്തില്‍ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയതോടെ മരണഭീതിയിലാണ് ഇപ്പോള്‍ നിമിഷപ്രിയ.
തന്റെ അമ്മയെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് നിമിഷയുടെ മകളും അപേക്ഷയുമായി രംഗത്ത് വന്നു. ‘എന്റെ മമ്മിയെ എനിക്കു രക്ഷിച്ചു തരണം’ നിമിഷപ്രിയയുടെ മകള്‍ ഇന്നലെ പാണക്കാട്ട് തറവാട്ടിലെത്തി സാദിഖ് അലി തങ്ങളെ കണ്ടു നടത്തിയ അഭ്യര്‍ഥനയാണ്.
അമ്മയ്ക്കും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഒപ്പമാണ് മകള്‍ പാണക്കാട്ട് എത്തിയത്. കഴിയുന്ന എല്ലാ സഹായവും നല്‍കാമെന്നും ഇടപെടല്‍ നടത്താമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. മറ്റു ഗള്‍ഫ് രാജ്യങ്ങളെ പോലെ യെമനുമായി ബന്ധം കുറവാണ്. എങ്കിലും എംബസി, സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തി നിമിഷപ്രിയയെ രക്ഷിക്കുന്നതിനുള്ള ശ്രമം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.